വാല്‍പ്പാറയില്‍ പതിനേഴുകാരിയെ കൊലപ്പെടുത്തിയ സംഭവം; പ്രതി സഫര്‍ ഷായ്ക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: വാല്‍പ്പാറയില്‍ പതിനേഴുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സഫര്‍ ഷായ്ക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് എറണാകുളം പോക്‌സോ കോടതി. പ്രതിക്കെതിരെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കല്‍, കൊലപാതകം, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി പോക്സോ കോടതി വ്യക്തമാക്കിയിരുന്നു. ഇരട്ട ജീവപര്യന്തത്തിനു പുറമേ വിവിധ വകുപ്പുകളിലായി രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

കൊലപാതകത്തിനും പോക്‌സോ നിയമപ്രകാരവുമാണ് സഫര്‍ഷായ്ക്ക് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്. 2020 ജനുവരി ഏഴിനാണ് അതിരപ്പിള്ളി കാണിക്കാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശിനിയും എറണാകുളം കലൂരില്‍ താമസക്കാരിയുമായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിയെ പ്രതി കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് വാല്‍പ്പാറയിലെത്തിച്ച് കൊലപ്പെടുത്തി തേയിലത്തോട്ടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കൊല്ലപ്പെടുമ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു.

കേസില്‍ അറസ്റ്റിലായ പ്രതി കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയത് ഏറെ വിവാദമായിരുന്നു. ഇതു കണ്ടെത്തിയ ഹൈക്കോടതി ജാമ്യം റദ്ദാക്കി പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. ഗര്‍ഭത്തിന് ഉത്തരവാദി സഫര്‍ഷാ ആണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇന്നു രാവിലെ നടന്ന വിചാരണയില്‍ പതിനേഴുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സഫര്‍ഷാ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചത്.

More Stories from this section

family-dental
witywide