
വാരണാസി ലാല്‍ ബഹാദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയുയർത്തിയ പ്രതി പിടിയില്‍. ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ നിന്നാണ് 25 കാരനായ യുവാവിനെ പിടികൂടിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനെ ഫോണില് വിളിച്ച പ്രതി, അശോക് എന്നാണ് സ്വയം പരിചയപ്പെടുത്തിയത്.
വിമാനത്താവളം ബോംബ് വെച്ച് തകര്‍ക്കുമെന്നായിരുന്നു യുവാവിന്റെ ഭീഷണി. ഭീഷണിയെ തുടര്‍ന്ന് വിമാനത്താവത്തില് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിശദ പരിശോധന നടത്തി. വിമാനത്താവള അതോറിറ്റി ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതിയും നല്‍കി.
ടവര്‍ ലൊക്കേഷന് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ നിന്നാണ് പ്രതി ഫോണ്‍ചെയ്തതെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഐപിസി 503 വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
അതേസമയം, പ്രതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കുടുംബം അവകാശപ്പെടുന്നതായി പൊലീസ് പറയുന്നു. ഏപ്രില്‍ മുതല്‍ പ്രതി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്നുണ്ടെന്നാണ് കുടുംബം അവകാശപ്പെടുന്നത്.