
ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ പുതിയ തന്ത്രങ്ങളുമായി ബജെപി. മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെ വെട്ടിയത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ രാജസ്ഥാനിൽ മുൻമുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെയും ഒതുക്കി. രാജസ്ഥാനിൽ വസുന്ധര ആയിരിക്കില്ല ബിജെപിയെ നയിക്കുക. നേതാക്കൾ കൂട്ടായി നയിക്കാനാണ് കഴിഞ്ഞ ദിവസം അമിത് ഷായുടെ സാന്നിധ്യത്തിൽ ചേർന്ന നേതൃയോഗത്തിലെ തീരുമാനം. കഴിഞ്ഞ ദിവസം ജയ്പൂരില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത് താമരയ്ക്ക് വോട്ട് ചെയ്യാനായിരുന്നു. വസുന്ധരയെ വെട്ടുമെന്ന് അന്നു തന്നെ ഉറപ്പായിരുന്നു.
കുറച്ചു നാളുകളായി വസുന്ധരയും കേന്ദ്ര നേതൃത്വവും നല്ല രസത്തില്ല. എന്നാല്‍ വസുന്ധരരാജെ രാജസ്ഥാനിലെ അവഗണിക്കാവാത്ത നേതാവുമാണ്. കോണ്‍ഗ്രസിലേതുപോലെ തന്നെ രാജസ്ഥാന്‍ ബിജെപിയിലും ഗ്രൂപ്പിസം കൊടികുത്തി വാഴുന്നുണ്ട്. ഒത്തുതീര്‍പ്പ് ഫോര്‍മുലപോലെയാണ് വസുന്ധരയെ പിന്‍വലിച്ചത്. എന്നാല്‍, വസുന്ധരയുടെ വിശ്വസ്തനും 2019 ല്‍ ബിജെപിയില്‍നിന്ന് പിണങ്ങി പോയയാളുമായ ദേവിസിങ് ഭട്ടിയെ തിരികെ എടുക്കുകയും സീറ്റ് നല്‍കുകയും ചെയ്യും. 2019 ല്‍ അര്‍ജുന്‍ റാം മേഘ്വാളിന് ലോക്സഭയിലേക്ക് സീററ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഭട്ടി പാര്‍ട്ടി വിട്ടത്. അന്ന് മേഘ്വാളിന് എതിരെ ഭട്ടി പ്രചാരണവും നടത്തിയിരുന്നു. ഇപ്പോള്‍ അതെല്ലാം പഴയകഥ. രാജ്പുത്തുകള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള വ്യക്തിയാണ് ഭട്ടി.
അമിത് ഷായുടെ നേതൃത്വത്തിൽ ജയ്‌പുരിൽ ബുധനാഴ്‌ച യോഗം ചേർന്നതുതന്നെ വസുന്ധരയെ നേതൃസ്ഥാനത്തുനിന്ന് നീക്കാനായിരുന്നു. വിമാനത്താവളത്തിൽ ഷായെ സ്വീകരിക്കാൻ എത്തിയ വസുന്ധരയെ ഷാ ഗൗനിച്ചില്ലെന്നു പറയപ്പെടുന്നു.. മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെയും ഉയർത്തിക്കാട്ടേണ്ടതില്ലെന്ന ഷായുടെ നിർദേശത്തിന് എതിർപ്പുണ്ടായില്ല. മധ്യപ്രദേശിലേതുപോലെ കേന്ദ്രമന്ത്രിമാരും എംപിമാരും രാജസ്ഥാനിലും ബിജെപിക്കായി മത്സരിക്കാനിറങ്ങും. ജല മന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത്, നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ , ദിയാകുമാരി എന്നിവര്‍ നിയമസഭയിലേക്ക് മല്‍സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
ബിജെപിയിലെ ‘മോദി’ ഘട്ടത്തിന് മുമ്പായി ദേശീയതലത്തിൽ തിളങ്ങിയ നേതാക്കളാണ് ശിവ്‌രാജ് സിങ് ചൗഹാനും വസുന്ധര രാജെയും. ഇവർക്കൊപ്പം ഛത്തീസ്‌ഗഢ് മുൻമുഖ്യമന്ത്രി രമൺ സിങ്ങിനെക്കൂടി ഒതുക്കാനുള്ള നീക്കത്തിലാണ് മോദി–- ഷാ കൂട്ടുക്കെട്ടെന്ന് സംസാരമുണ്ട്. എന്നാല്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണ് ഇരുവരും ചേര്‍ന്ന് നടത്തുന്നത് എന്ന് വ്യക്തം.