ബിജെപിയുമായി മുഖ്യമന്ത്രിക്ക് അവിഹിത ബന്ധമുണ്ടെന്ന് വിഡി സതീശന്‍; തുടര്‍ഭരണത്തിന് കാരണം ഈ ബന്ധമാണെന്നും ആരോപണം

തിരുവനന്തപുരം: ബിജെപിയുമായി മുഖ്യമന്ത്രി പിണറായി വിജയന് അവിഹിത ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തുടര്‍ഭരണത്തിനു കാരണമായത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള അവിഹിതമായ ഈ കൂട്ടുകെട്ടാണെന്നും സതീശന്‍ ആരോപിച്ചു. സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍ കേസുകളെല്ലാം വഴിയില്‍ വെച്ച് അവസാനിപ്പിച്ചതിനു പിന്നിലും ഈ ബിജെപി-സിപിഎം അവിഹിത കൂട്ടുകെട്ടു മൂലമാണെന്നും വിഡി സതീശന്‍ ആരോപിച്ചു.

ദേവഗൗഡയുടെ പ്രസ്താവനയോടെ കേരളത്തിലെ മുഖ്യമന്ത്രിയേയും മുന്‍ പ്രധാനമന്ത്രിയുടെ പാര്‍ട്ടിയേയും ബന്ധപ്പെടുത്തിയത് ബിജെപി നേതാക്കളാണെന്ന് വ്യക്തമായതായി തെളിഞ്ഞുവെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് ബിജെപിയുമായി മുഖ്യമന്ത്രിക്ക് അവിഹിത ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ബിജെപിയുമായി സിപിഎമ്മിന് ബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആക്ഷേപത്തിന് അടിവരയിടുന്നതാണ് ദേവഗൗഡയുടെ വെളിപ്പെടുത്തലെന്നും വിഡി സതീശന്‍ പറഞ്ഞു.

കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ ബിജെപി വിരട്ടി നിര്‍ത്തിയിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. ബിജെപിയും സംഘപരിവാര്‍ ശക്തികളും കേരളത്തിലെ സര്‍ക്കാരിനെ ഭയപ്പെടുത്തി വിരല്‍ത്തുമ്പില്‍ നിര്‍ത്തിയിരിക്കുകയാണ്. ദേശീയതലത്തില്‍ വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരായി കോണ്‍ഗ്രസിന്റെയും രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തില്‍ ഇന്ത്യാ മുന്നണിക്ക് രൂപം കൊടുത്തപ്പോള്‍ അതിന്റെ കൂടെയാണ് സിപിഎമ്മിന്റെയും സിപിഐയുടേയും ദേശീയ നേതൃത്വങ്ങള്‍ നിലകൊണ്ടത്. എന്നാല്‍ കേരളത്തിലെ സിപിഎം നേതൃത്വം ഇടപെട്ട് ഇന്ത്യാ മുന്നണിയില്‍ പാര്‍ട്ടി പ്രതിനിധി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.

കേരളത്തിലെ എല്‍ഡിഎഫ് മന്ത്രിസഭയില്‍ ബിജെപി മുന്നണിയില്‍പ്പെട്ട ഒരു മന്ത്രി ഇരിക്കുന്നത് എന്തൊരു നാണംകെട്ട കാര്യമാണെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. കേരള ഘടകം ബിജെപിയുമായി ചേര്‍ന്നതിനെ പിന്തുണയ്ക്കുകയും, അവരെ മന്ത്രിസഭയില്‍ നിലനിര്‍ത്താമെന്ന് പിണറായി വിജയന്‍ ദേവഗൗഡയ്ക്ക് വാക്കുകൊടുത്തിട്ടുണ്ട്. അല്ലാതെ, എന്‍ഡിഎ മുന്നണിയില്‍ അംഗമായ ഒരു പാര്‍ട്ടിയുടെ പ്രതിനിധി കേരളത്തിലെ ഇടതുമുന്നണിയില്‍ ഇരിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് സതീശന്‍ ചോദിച്ചു.

More Stories from this section

family-dental
witywide