
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഗുഡ് ടച്ചും ബാഡ് ടച്ചും തീരുമാനിക്കേണ്ടത് മാധ്യമപ്രവര്‍ത്തകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. താന്‍ ഇക്കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഒപ്പമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് പൊതു പ്രവര്‍ത്തകന് ചേര്‍ന്ന പ്രവര്‍ത്തിയല്ലെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തു. മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് 354 എ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. സുരേഷ് ഗോപി മോശം ഉദ്ദേശത്തോടെ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പെരുമാറി എന്നാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ മാധ്യമപ്രവര്‍ത്തക പറയുന്നത്.












