
തന്റെ പേഴ്‌സണല്‍ അസിസ്റ്റന്റിനെതിരെ വന്ന കൈക്കൂലി ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്. പണം വാങ്ങിയെന്ന പരാതി വസ്തുതാവിരുദ്ധമെന്ന് മന്ത്രി പറഞ്ഞു. ആരോപണ വിധേയനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും പേഴ്സണല്‍ അസിസ്റ്റന്റ് അഖില്‍ മാത്യു തന്റെ ബന്ധുവല്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു. ആരോപണത്തിനെതിരെ തന്റെ ഓഫിസും സ്റ്റാഫ് അംഗവും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്. എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ അഴിമതി രഹിതമായി തന്നെ പരിഹരിക്കും. പണം വാങ്ങിച്ചിട്ടുണ്ടെങ്കില്‍ പൊലീസില്‍ പരാതി നല്‍കണം. തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് കാര്യങ്ങള്‍ പരിശോധിക്കും. എവിടുന്നാണ് മെയില്‍ പോയത് എന്നിവയുള്‍പ്പെടെ പരിശോധിക്കും. സത്യം മാത്രമേ വിജയിക്കൂ സത്യം പുറത്ത് വരുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കര്‍ശനനടപടിയുണ്ടാകുമെന്നും അക്കാര്യത്തില്‍ ആര്‍ക്കും ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു.
ആയുഷ് മിഷന് കീഴില്‍ ഹോമിയോ വിഭാഗത്തില്‍ മലപ്പുറം മെഡിക്കല്‍ ഓഫീസറായി നിയമനം വാഗ്ദാനം ചെയ്ത് ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് മലപ്പുറം സ്വദേശി പരാതി നല്‍കിയിരിക്കുന്നത്. ആരോഗ്യമന്ത്രിയുടെ സ്റ്റാഫായ അഖില്‍ മാത്യുവിനെതിരെയാണ് മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി മന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
മകന്റെ ഭാര്യക്ക് മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനാണ് പണം നല്‍കിയതെന്ന് പരാതിക്കാരനായ ഹരിദാസന്‍ വ്യക്തമാക്കി. താത്കാലിക നിയമനത്തിന് അഖില്‍ മാത്യു അഞ്ച ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പണം ഗഡുക്കളായി നല്‍കാനാണ് ഇയാള്‍ പറഞ്ഞതെന്നും ഹരിദാസന്‍ പറഞ്ഞു. മുന്‍കൂറായി 1.75 ലക്ഷം രൂപ കൈപ്പറ്റി. ഇടനിലക്കാരനായി നിന്നയാളും പണം വാങ്ങിയതായി പരാതിയിലുണ്ട്. അതേസമയം അഖില്‍ മാത്യു തനിക്കെതിരായ ആരോപണം നിഷേധിച്ചു.












