
തൃശൂർ ; മുതിർന്ന മാധ്യമ പ്രവർത്തകനും കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനും താന്ത്രിക് ചിത്രകാരനുമായ കെ . എ ഫ്രാൻസിസ് (76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
1947 ഡിസംബർ ഒന്നിന് തൃശൂരിലെ കുറുമ്പിലാവിലായിരുന്നു കെ എ ഫ്രാൻസിസിന്റെ ജനനം. 1970ലാണ് മലയാള മനോരമ പത്രത്തിന്റെ ഭാഗമാകുന്നത്. 1999ൽ പത്രത്തിന്റെ കണ്ണൂർ വിഭാഗം മേധാവിയായ അദ്ദേഹം 2002 വരെ തത്സ്ഥാനത്ത് തുടർന്നു. പിന്നീട് ആഴ്ചപ്പതിപ്പിന്റെ ചുമതലയും ഏറ്റെടുത്തു. അദ്ദേഹം രൂപകൽപന ചെയ്ത ഒന്നാം പേജ് ന്യൂസ് പേപ്പർ ലേഔട്ടിന് 1971ൽ ദേശീയ അവാർഡ് ലഭിച്ചിരുന്നു. 2021 ഡിസംബർ 31നാണ് അദ്ദേഹം വിരമിക്കുന്നത്. കേരള സാഹിത്യ അക്കാദമിയുടെ സഞ്ചാര സാഹിത്യ പുരസ്കാരം , ലളിതകലാ അക്കാദമി സ്വർണപ്പതക്കം, ലളിതകലാ പുരസ്കാരം, ഫെലോഷിപ് തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
രാവിലെ 10 മുതൽ ഒന്ന് വരെ ലളിതകലാ അക്കാദമിയിൽ പൊതുദർശനത്തിന് വച്ച ശേഷം നാളെ കോട്ടയത്താണ് സംസ്കാരം.
ഭാര്യ: തൃശൂർ തട്ടിൽ നടയ്ക്കലാൻ കുടുംബാംഗം ബേബി. മക്കൾ: ഷെല്ലി ഫ്രാൻസിസ് , ഡിംപിൾ (മലയാള മനോരമ തൃശൂർ), ഫ്രെബി. മരുമക്കൾ: ദീപ, ജോഷി ഫ്രാൻസിസ് കുറ്റിക്കാടൻ, അഡ്വ. ജിബി ജേക്കബ് മണലേൽ.
veteran journalist K.A. Francies passed away











