
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സ്വകാര്യ കമ്പനിയില്‍നിന്നും മാസപ്പടി വാങ്ങിയ സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഇന്ന് വൈകിട്ട് ആറുമണിക്ക് പുറത്തുവിടുമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. മാസപ്പടിയുടെ കാണാപ്പുറങ്ങള്‍ നാളെ വൈകീട്ട് ആറ് മണിക്ക് വെളിപ്പെടുത്തുമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്.
ഏറെ വിവാദമായ സംഭവത്തില്‍ രാഷ്ട്രീയ ചര്‍ച്ചകളും കോളിളക്കങ്ങളും ഇനിയും അവസാനിക്കാത്ത സാഹചര്യത്തില്‍ മാത്യു കുഴല്‍ നാടന്റെ വെളിപ്പെടുത്തല്‍ എന്താകുമെന്ന ആകാംക്ഷ പലരും ഇതിനകം പ്രകടിപ്പിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ക്ക് സ്വകാര്യ കമ്പനി 1.72 കോടി നല്‍കിയത് നിയമവിരുദ്ധമെന്ന് ആദായനികുതി തര്‍ക്കപരിഹാര ബോര്‍ഡ് കണ്ടെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. ആദ്യമായി ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രിയുടെ മകളുടെ പേരുമാത്രമായിരുന്നെങ്കിലും കൊച്ചിയിലെ കരിമണല്‍ കമ്പനിയില്‍ നിന്നും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും ഉള്‍പ്പെടെ പല പ്രമുഖരും മാസപ്പടി വാങ്ങിയതായി കണ്ടെത്തിയിരുന്നു.
അതേസമയം, മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് കുഴല്‍നാടന്‍ പുതിയ വെളിപ്പെടുത്തലുമായി എത്തുന്നത്.
രാഷ്ട്രീയ നേതാക്കള്‍ അടക്കം 12 പേര്‍ക്ക് നോട്ടീസ് അയക്കാനാണ് ഹൈകോടതി ഉത്തരവിട്ടത്. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍സ് കമ്പനി (സി.എം.ആര്‍.എല്‍) ഇല്ലാത്ത സേവനത്തിന് മാസപ്പടി നല്‍കിയെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ബാബു എന്നയാള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈകോടതി നടപടി.
മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും പിന്നാലെ തന്നെയായിരുന്നു മാത്യുകുഴല്‍ നാടന്‍ എം.എല്‍.എ. ഇന്നത്തെ വെളിപ്പെടുത്തലും രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുമെന്ന് ഉറപ്പാണ്.












