
തിരുവനന്തപുരം: കിംസ് ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ചതായി പ്രഖ്യാപിച്ച യുവാവിന്റെ ഹൃദയവും വൃക്കകളും പാന്‌ക്രിയാസും തിരുവനന്തപുരത്ത് നിന്ന് സർക്കാർ ഹെലികോപ്റ്ററിൽ എറണാകുളത്തേക്ക് കൊണ്ടുപോയി.
സ്റ്റാഫ് നഴ്‌സായ സെൽവിൻ ശേഖറിന്റെ (36) അവയവങ്ങളാണ് ദാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഹൃദയം എറണാകുളത്തെ ലിസി ആശുപത്രിയിലെ 16 കാരനായ ഹരിനാരായണനും ഒരു വൃക്ക കിംസിലെ രോഗിക്കും മറ്റേ വൃക്കയും പാൻക്രിയാസും ആസ്റ്റർ മെഡ്‌സിറ്റിയിലെ രോഗിക്കും ദാനം ചെയ്യുന്നു. കിംസ് ആശുപത്രിയിലാണ് അവയവം വീണ്ടെടുക്കൽ നടന്നത്. സെൽവിന്റെ കണ്ണുകൾ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെ രണ്ട് രോഗികൾക്ക് ദാനം ചെയ്യും.
10:20 ന് തിരുവനന്തപുരത്ത് നിന്ന് സർക്കാർ ഹെലികോപ്റ്റർ കൊച്ചിയിലേക്ക് പറന്നു. 11.12ന് കൊച്ചി ബോൾഗാട്ടിയിലെത്തി. ഹെലികോപ്റ്ററിൽ നിന്ന് സുപ്രധാന അവയവങ്ങൾ അടങ്ങിയ പെട്ടികൾ മെഡിക്കൽ സംഘത്തിന് കൈമാറി. ഇവിടെനിന്ന് റോഡിലൂടെയായിരുന്നു യാത്ര. രണ്ടര മിനിറ്റ് കൊണ്ട് അവയവങ്ങൾ ലിസി ഹോസ്പിറ്റലിൽ എത്തി. പത്തു മിനിറ്റിനുള്ളിൽ അവയവങ്ങൾ ആസ്റ്റർ മെഡിസിറ്റിയിലേക്കും കൊണ്ടുപോകാം. ആസ്റ്റർ മെഡിസിറ്റിയിലേക്കുള്ള റോഡും പോലീസ് നിയന്ത്രണത്തിലാണ്.
തമിഴ്‌നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശിയാണ് സെൽവിൻ. പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ട വേദനക്കിടയിലും ഈ തീരുമാനമെടുത്ത സ്റ്റാഫ് നഴ്‌സ് കൂടിയായ ഭാര്യ ഗീതയെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദിയറിയിച്ചു. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ സോട്ടോ വഴിയാണ് അവയവ ദാനം നിര്‍വഹിക്കുന്നത്.
തമിഴ്‌നാട്ടിലെ സ്റ്റാഫ് നഴ്‌സായിരുന്നു സെല്‍വിന്‍ ശേഖര്‍. ഭാര്യ ഗീതയും സ്റ്റാഫ് നഴ്‌സാണ്. കടുത്ത തലവേദന വന്നതിനെ തുടര്‍ന്ന് അവിടുത്തെ ആശുപത്രിയിലും നവംബര്‍ 21ന് കിംസിലും സെല്‍വിന്‍ ശേഖര്‍ ചികിത്സ തേടി. തുടർന്ന് നടന്ന പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി. ചികിത്സകള്‍ തുടരവേ വെള്ളിയാഴ്ച മസ്തിഷ്‌ക മരണമടയുകയായിരുന്നു. അവയവദാനത്തിെൻറ മഹത്വമറിയുന്ന ഭാര്യയാണിതിന് സന്നദ്ധതയറിയിച്ചത്.










