ഹൂസ്റ്റൺ: റിപ്പബ്ലിക്കൻ പ്രൈമറിയിൽ മത്സരിക്കാൻ തയ്യാറെടുക്കുന്ന ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പുത്തൻ അടവുകളുമായി രംഗത്തിറങ്ങുന്നത് പാർട്ടിയുടെ മറ്റ് സ്ഥാനാർത്ഥികളെ അത്ഭുതപ്പെടുത്തി. തുടക്കത്തിൽ ഏറെ പിന്നിലായിരുന്ന രാമസ്വാമി രണ്ടാം സ്ഥാനത്തുള്ള ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.
രാമസ്വാമി പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് സെമാഫോറിലെ റിപ്പോർട്ട്. തുടർച്ചയായ അഭിമുഖങ്ങൾ നൽകിതിന് ശേഷം സ്വന്തം പോഡ്‌കാസ്റ്റിൽ മാധ്യമ പ്രവർത്തകരെ അതിഥികളായി ക്ഷണിക്കാനുള്ള പദ്ധതിയുമായി രാമസ്വാമി മുന്നോട്ട് പോവുകയാണെന്നാണ് റിപ്പോർട്ട്.
തന്റെ പ്രചാരണം ആരംഭിച്ചതുമുതൽ, വിവേക് രാമസ്വാമി MSNBC, CNN എന്നിവയുൾപ്പെടെ റിപ്പബ്ലിക്കൻമാർ ഒഴിവാക്കിയ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അദ്ദേഹം യാഥാസ്ഥിതിക ഔട്ട്‌ലെറ്റുകൾ സന്ദർശിക്കുകയും ബിൽ മഹർ, ടക്കർ കാൾസൺ, ജോർദാൻ പീറ്റേഴ്‌സൺ തുടങ്ങിയ വ്യക്തികളോടൊപ്പം ചർച്ചയ്ക്ക് തയ്യാറാകുകയും ചെയ്തു.
ഇപ്പോൾ, വിവേക് രാമസ്വാമി നിരവധി ജനപ്രിയ യാഥാസ്ഥിതിക വ്യക്തിത്വങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പാപ്പാ ജോൺസ് പിസ്സ സ്ഥാപകൻ ജോൺ ഷ്‌നാറ്റർ, ലിബ്‌സ് ഓഫ് ടിക് ടോക്ക് സ്രഷ്ടാവ് ഛായ റിച്ചിക്ക്, പ്രോജക്റ്റ് വെരിറ്റാസിന്റെ ജെയിംസ് ഒ’കീഫ് എന്നിവർ ആദ്യ റൗണ്ട് അതിഥികളിൽ ഉൾപ്പെടുന്നു. പിസ്സ ഇമോജിയുമായുള്ള രാമസ്വാമിയുടെ എക്‌സ് പോസ്റ്റ് അദ്ദേഹത്തിന്റെ ആദ്യ അതിഥി തീര്‍ച്ചയായും ജോണ്‍ ഷ്‌നാറ്റര്‍ ആയിരിക്കുമെന്ന് സൂചിപ്പിക്കുന്നതായി വിലയിരുത്തുന്നു.