
തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി – VSSC) പരീക്ഷാത്തട്ടിപ്പ് കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. കേരളാ പൊലീസും ഹരിയാന പൊലീസും ചേർന്ന് നടത്തിയ തിരച്ചിലില്‍ ഹരിയാനയിലെ ജിന്ദ് ജില്ലയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരില്‍ രണ്ടു പേർ തട്ടിപ്പിന്റെ മുഖ്യ ആസൂത്രകരാണ്. നേരത്തെ പിടിയിലായവർക്ക് തട്ടിപ്പിനുള്ള ഉപകരണങ്ങൾ രൂപകല്‍പ്പന ചെയ്ത് നൽകിയതും ഉത്തരങ്ങൾ പറഞ്ഞ് നൽകിയതും ഇവരാണെന്ന് പൊലീസ് അറിയിച്ചു. ഹരിയാനയിലെ വിവിധ ജില്ലകളില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ധരൗഡി ഗ്രാമത്തിൽ നിന്നുള്ള ലഖ്‌വീന്ദർ, ഫുലിയ ഗ്രാമത്തിൽ നിന്നുള്ള ഋഷിപാൽ, കക്രൗഡ് ഗ്രാമവാസിയായ ദീപക് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ ജിന്ദ് ജില്ലയിൽ നിന്നുള്ള അഞ്ചു പേരെ കേരള പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹരിയാന സ്വദേശികളായ സുനിൽ (26), സുമിത്ത് (25) എന്നിവർ അറസ്റ്റിലായിരുന്നു. കക്രൗഡ് ഗ്രാമത്തിലെ സോനു എന്ന മറ്റൊരു പ്രതി ഒളിവിലാണെന്നും മറ്റു പലരെയും തിരിച്ചറിയാനുണ്ടെന്നും കേരള പോലീസ് പറഞ്ഞു.

വിഎസ്എസ്സിയിൽ ടെക്‌നീഷ്യമ്മാരെ നിയമിക്കാനുള്ള എഴുത്തു പരീക്ഷയിലാണ് തട്ടിപ്പ് നടന്നത്. ഓഗസ്റ്റ് 20ന് ടെക്‌നീഷ്യൻ-ബി, ഡ്രാഫ്റ്റ്‌സ്മാൻ-ബി, റേഡിയോഗ്രാഫർ-എ എന്നിവരുടെ എഴുത്തുപരീക്ഷയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിലാണ് ഹൈടെക് കോപ്പിയടിയും ആൾമാറാട്ടവും നടന്നത്. തുടർന്ന് പരീക്ഷ റദ്ദാക്കുകയായിരുന്നു.
വയറിൽ ക്യാമറ കെട്ടിവെച്ച് ചിത്രം എടുത്ത് പുറത്തേക്ക് അയച്ചും, ബ്ലൂടൂത്തും സ്മാർട്ട് വാച്ചും ഉപയോഗിച്ചുമായിരുന്നു കോപ്പിയടി. മൂന്ന് ഉപകരണങ്ങളാണ് പ്രതികൾ തട്ടിപ്പിനായി ഉപയോഗിച്ചത്. മൊബൈൽ ഫോണും ഇയർ ഫോണും തട്ടിപ്പിനു വേണ്ടി മാത്രം ഉപയോഗിക്കുന്ന പ്രത്യേകമായി തയ്യാറാക്കിയ ഉപകരണവുമാണിവ. ക്യാമറ വയ്ക്കാൻ പാകത്തിനാണ് പ്രതികളുടെ ഷർട്ടിന്റെ ബട്ടനുകൾ തയ്ച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
പരീക്ഷയിൽ ഹരിയാനക്കാരായ 469 പേർ പങ്കെടുത്തിരുന്നു. ഇതില്‍ 324 ആൾമാറാട്ടം നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഒരേ സ്ഥലത്ത് നിന്ന് ഇത്രയുമധികം പേർ പരീക്ഷയെഴുതിയതിനാൽ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ് സംശയിക്കുന്നു. പിടിയിലായവർ കൂലിക്ക് പരീക്ഷ എഴുതാനെത്തിയവരാണെന്നും ഇവരുടെ പിന്നിൽ ഹരിയാനയിലെ കോച്ചിങ് സെന്ററാണെന്നും സൂചനയുണ്ട്.