ഇടക്കിടെ കറന്റ് കളയുന്ന കെഎസ്ഇബിക്ക് ‘ചില്ലറ’ പണി നല്‍കി വാര്‍ഡ് മെമ്പര്‍

കൊല്ലം: ദിവസം ഇരുപതിലേറെ തവണ വൈദ്യുതി വിച്ഛേദിക്കുന്ന കെഎസ്ഇബിക്ക് വാര്‍ഡ് മെമ്പറുടെ ‘ചില്ലറ’ പണി. കൊല്ലം തലവൂര്‍ ഗ്രാമ പഞ്ചായത്തിലെ രണ്ടാലുംമൂട് വാര്‍ഡിലെ ഒന്‍പത് വീടുകളിലെ ബില്‍ തുകയായ എണ്ണായിരത്തോളം രൂപ ചില്ലറയായി കൊണ്ടുവന്ന് പ്രതിഷേധമറിയിച്ചിരിക്കുകയാണ് ബിജെപി വാര്‍ഡ് മെമ്പറായ സി രഞ്ജിത്ത്. ബില്‍ അടയ്ക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കുന്ന അവസാന ദിവസമായ ഇന്നലെയാണ് ബില്‍തുക ചില്ലറയായി രജ്ഞിത്ത് കൊണ്ടുവന്നത്. ഓരോ ബില്ലിന്റെയും തുക പ്രത്യേകം കവറുകളിലാക്കി കെട്ടി സഞ്ചിയിലാണ് എത്തിച്ചത്.

എന്നാല്‍ ചില്ലറയായതിനാല്‍ ജീവനക്കാര്‍ക്ക് എണ്ണിത്തിട്ടപ്പെടുത്താതെ പണം സ്വീകരിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതേത്തുടര്‍ന്ന് മൂന്ന് ജീവനക്കാര്‍ ഒന്നിച്ചിരുന്നാണ് പണം എണ്ണിയത്. പവര്‍ കട്ട് ഇതുപോലെ തുടരുകയാണെങ്കില്‍ അടുത്ത തവണ വാര്‍ഡിലെ നാന്നൂറിലധികം കുടുംബങ്ങളുടെ വൈദ്യുതി ബില്‍ ചില്ലറയായിത്തന്നെ കൊണ്ടു വരുമെന്നും രഞ്ജിത്ത് അറിയിച്ചു.

‘സമയം പറഞ്ഞിട്ടുള്ള പവര്‍കട്ടല്ല. ദിവസം ഇരുപതിലേറെ തവണയാണ് വൈദ്യുതി പോകുന്നത്. അഞ്ചു മിനിറ്റ് വരും, പതിനഞ്ചു മിനിറ്റ് പോകും. ചിലപ്പോള്‍ ഒരു മണിക്കൂര്‍ വൈദ്യുതി ഉണ്ടാകും, അഞ്ചു മിനിറ്റ് പോകും. ഇങ്ങനെ തുടര്‍ച്ചായി പോകാറുണ്ട്. ഇതു കാരണം പല വീടുകളിലെയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ തകരാറിലാകുകയാണ്. കുറേ നാളായി ഇങ്ങനെ പോകുന്നു.

പഞ്ചായത്ത് കമ്മിഷനിലൊക്കെ എപ്പോഴും പരാതി പറയുന്നതാണ്. ഇവിടെ മരങ്ങള്‍ ഉണ്ടായതുകൊണ്ടാണ് വൈദ്യുതി പോകുന്നതെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, അവര്‍ കൃത്യമായി ടച്ച് വെട്ടാറുമില്ലെന്നും തന്റെ പ്രതിഷേധം പണം സ്വീകരിക്കുന്ന ജീവനക്കാരോട് അല്ലന്നും കെഎസ്ഇബിയോടാണെന്നും രഞ്ജിത് പറയുന്നു.

More Stories from this section

family-dental
witywide