രുചികരമായ ചമ്പാരൻ മട്ടൻ കറി എങ്ങനെയുണ്ടാക്കാം? രാഹുൽ ഗാന്ധി പഠിപ്പിക്കും, ചീഫ് കുക്കായി ലാലുവും

പട്ന: ബിജെപിയെ നേരിടാനുള്ള ഇന്ത്യ സഖ്യത്തിന്റെ കരുക്കൾക്കൊപ്പം അൽപ്പം പാചകം കൂടി ചേർത്ത് സംഗതി കളറാക്കുകയാണ് രാഹുൽ ഗാന്ധിയും ലാലു പ്രസാദ് യാദവും. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനും മകൾ മിസ ഭാരതിക്കുമൊപ്പം മട്ടൻകറി ഉണ്ടാക്കുന്ന വീഡിയോയാണ് രാഹുൽ ഗാന്ധി തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.

തന്റെ വസതിയിലെത്തിയ രാഹുൽ ഗാന്ധിയെ മട്ടൻ കറിയുണ്ടാക്കാൻ പഠിപ്പിക്കുകയാണ് ലാലു പ്രസാദ് യാദവ്. ‘ചമ്പാരൻ മട്ടൻ’ പാകം ചെയ്യുന്നതാണ് ഏഴ് മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിലുള്ളത്. സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നതും, മട്ടൻ മാരിനേറ്റ് ചെയ്യുന്നതെങ്ങനെയെന്നൊക്കെ അദ്ദേഹം രാഹുൽ ഗാന്ധിക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്.

എന്നാണ്‌ പാചകം ചെയ്‌തു തുടങ്ങിയതെന്ന് ലാലു പ്രസാദ് യാദവിനോട് രാഹുൽ ഗാന്ധി ചോദിക്കുന്നുണ്ട്. ആറിലോ ഏഴിലോ പഠിക്കുമ്പോഴാണെന്ന് അദ്ദേഹം മറുപടി നൽകി. യൂറോപ്പിൽ വച്ചാണ് താൻ പാചകം പഠിച്ചതെന്നും, എന്നാൽ പാചക വിദഗ്ദ്ധനല്ലെന്നും രാഹുൽ ഗാന്ധി പറയുന്നു.

ഇതിനിടയിൽ ഇരുനേതാക്കളും തമ്മിൽ രാഷ്ട്രീയവും സംസാരിക്കുന്നുണ്ട്. വിജയകരമായ രാഷ്ട്രീയ ജീവിതത്തിന്റെ സീക്രട്ടെന്താണെന്ന് രാഹുൽ ഗാന്ധി ചോദിക്കുന്നു. കഠിനാദ്ധ്വാനവും അനീതിക്കെതിരായ പോരാട്ടവുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

More Stories from this section

dental-431-x-127
witywide