
ന്യൂഡൽഹി: തമിഴ്നാട് മന്ത്രിയും എം.കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ‘നിങ്ങൾ നിങ്ങളുടെ വാക്കുകൾ സൂക്ഷിക്കുക’ എന്ന് കേന്ദ്ര മന്ത്രി സ്റ്റാലിന് മുന്നറിയിപ്പ് നല്‍കി. പ്രളയ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കാത്തതിനെതിരെ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശമാണ് കേന്ദ്രമന്ത്രിയെ ചൊടിപ്പിച്ചത്.
“ഞങ്ങൾ ചോദിക്കുന്നത് ആരുടെയും അച്ഛന്റെ സ്വത്തല്ല, തമിഴ്‌നാട്ടിലെ ജനങ്ങൾ അടക്കുന്ന നികുതിയുടെ വിഹിതം മാത്രമാണ് ഞങ്ങൾ ചോദിക്കുന്നത്”, എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശം.
രാഷ്ട്രീയത്തില്‍ അച്ഛനെയോ അമ്മയെയോ കുറിച്ച് സംസാരിക്കാന്‍ പാടില്ല. ഉദയനിധി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിയാണെന്ന് ഓര്‍ക്കണമെന്നും കേന്ദമന്ത്രി പറഞ്ഞു.
രാഷ്ട്രീയ നേതാവായ ഉദയനിധിയ്ക്ക് ഈ മേഖലയില്‍ പുരോഗതിയുണ്ടാകണമെങ്കില്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടത് പ്രധാനമാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതിനകം തന്നെ തമിഴ്‌നാടിന് 900 കോടി രൂപ കൈമാറിയിട്ടുണ്ട്. അത് തന്റെ അച്ഛന്റെയോ അദ്ദേഹത്തിന്റെ പിതാവിന്റെയോ പണമല്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.