നടുങ്ങി വയനാട്; ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തേയില നുള്ളാൻ പോയ 9 സ്ത്രീകൾ മരിച്ചു

കൽപ്പറ്റ: വയനാട് ജില്ലയിലെ തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു. തേയില നുള്ളാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. അപകടത്തിൽ 9 പേർ മരണപ്പെട്ടു. മരിച്ചത് എല്ലാവരും സ്ത്രീകളാണ്. ആകെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം. ഡ്രൈവറടക്കം മറ്റുള്ളവർ ചികിത്സയിലാണ്. മൂന്നുപേരുടെ നില ഗുരുതരമാണ്.

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തോട്ടം തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നത്. റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ ബാബു, റാബിയ, മേരി, വസന്ത എന്നിവരാണ് മരിച്ച എട്ടുപേര്‍. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ലത, ഉമാദേവി, ഡ്രൈവർ മണി എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. വളവ് തിരിയുന്നതിനിടെ ജീപ്പ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക നിഗമനം.

തോട്ടം തൊഴിലാളികളുടെ ജോലി കഴിയുന്ന സമയത്ത് പ്രദേശത്തുകൂടി നിരവധി ജീപ്പുകള്‍ സര്‍വീസ് നടത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആഴമേറിയ കൊക്കയിലേക്ക് മറിഞ്ഞ ജീപ്പ് പൂര്‍ണമായും തകര്‍ന്നു. 30 മീറ്റര്‍ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടന്നത്. പോലീസും ഫയര്‍ഫോഴ്‌സും പിന്നീട് സ്ഥലത്തെത്തി.

സംഭവത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. സംഭവം അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ജീപ്പിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. പരുക്കേറ്റവരുടെ ചികിത്സയടക്കം മറ്റ് അടിയന്തര കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി എ കെ ശശീന്ദ്രനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide