തെറ്റുകള്‍ മറച്ചുവെക്കാന്‍ മതത്തെ ആയുധമാക്കുന്നു, ഇപ്പോള്‍ തടയിട്ടില്ലെങ്കില്‍ ഇന്ത്യയെ രക്ഷിക്കാനാകില്ല; ബിജെപിയെ കടന്നാക്രമിച്ച് എം.കെ സ്റ്റാലിൻ

ചെന്നൈ: സ്പീക്കിങ് ഫോർ ഇന്ത്യ പോഡ്കാസ്റ്റിൽ ഭാരതീയ ജനതാ പാർട്ടിയെ കടന്നാക്രമിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തെറ്റുകള്‍ മറച്ചുവെക്കാന്‍ ബിജെപി മതത്തെ ആയുധമാക്കുകയാണെന്നും മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇതിന് ഇപ്പോള്‍ തടയിട്ടില്ലെങ്കില്‍ ഇന്ത്യയെ രക്ഷിക്കാനാകില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണം എന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പ്രതികരണം.

ജനങ്ങളുടെ മതവികാരത്തിന്റെ തീ ആളിക്കത്തിച്ച് അതില്‍നിന്ന് ചൂടുകായാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സ്റ്റാലിൻ വിമർശിച്ചു. ഇന്ത്യയുടെ ഘടനയെ തടസ്സപ്പെടുത്താനും ഐക്യബോധം തകർക്കാനും ബിജെപി ശ്രമിക്കുന്നുവെന്നാരോപിച്ചാണ് സ്റ്റാലിൻ ആരംഭിച്ചത്.

ഇന്ത്യൻ പാർലമെന്റിലെ മൂന്നാമത്തെ വലിയ കക്ഷിയുടെ നേതാവ് എന്ന നിലയിലും രാജ്യത്തെ പൗരന്മാരിൽ ഒരാളെന്ന നിലയിലും ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കാൻ ആഗ്രഹിക്കുന്നു എന്നതാണ് ഈ പോഡ്‌കാസ്റ്റിന്റെ ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ വർഷവും 2 കോടി ആളുകൾക്ക് തൊഴിൽ എന്ന ഉറപ്പ്, കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ, ജനക്ഷേമ പദ്ധതികൾ എന്നിവ ഉൾപ്പെടെ തിരഞ്ഞെടുപ്പിന് മുമ്പ് നൽകി വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ബിജെപി പരാജയപ്പെട്ടെന്ന് സ്റ്റാലിൻ പറഞ്ഞു.

2002ല്‍ ഗുജറാത്തില്‍ വിദ്വേഷവും വെറുപ്പും വിതച്ചു. ഇപ്പോള്‍ ഹരിയനയിലും മണിപ്പുരിലും അതേശ്രമമാണ് ബിജെപി നടത്തുന്നത്. 

വര്‍ഗീയവാദത്തിന്റെ തീ മണിപ്പൂരിനെയാകെ ചുട്ടെരിച്ചു. മതഭ്രാന്ത് ഹരിയാണയില്‍ നിഷ്‌കളങ്കരുടെ ജീവനും സ്വത്തും അപഹരിക്കുന്നു. ആര് അധികാരത്തില്‍ വരണം എന്നതിനെക്കാള്‍ ആര് വരാന്‍ പാടില്ലെന്നതിനെക്കുറിച്ചാണ് 2024- ലെ പൊതുതിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide