വേദിയിൽ സംസാരിക്കുന്നതിനിടെ ഐഐടി കാൺപൂർ പ്രൊഫസർ കുഴഞ്ഞുവീണ് മരിച്ചു

ന്യൂഡൽഹി: ആരോഗ്യ പരിപാലനത്തെ കുറിച്ച് പ്രസംഗിക്കുന്നതിനിടെ കാൺപൂർ ഐഐടിയിലെ പ്രഫസർ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. വീണയുടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഐഐടി കാൺപൂരിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം പ്രഫസറായ സമീർ ഖണ്ഡേക്കറാണ് (53) മരിച്ചത്.

പ്രസം​ഗിക്കുന്നതിനിടയിൽ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ട സമീർ വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 5 വർഷമായി ഉയർന്ന കൊളസ്ട്രോളിന് ചികിത്സയെടുത്തിരുന്ന വ്യക്തിയാണ് സമീറെന്ന് മറ്റ് അധ്യാപകർ പറഞ്ഞു.

പൂർവവിദ്യാർഥി സംഗമത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് സംഭവം. പ്രസംഗത്തിനിടെ അദ്ദേഹം വിയർക്കാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിനു മുൻപു തന്നെ വേദിയിൽ കുഴഞ്ഞുവീണു. എല്ലാവരും ആരോഗ്യം നന്നായി പരിപാലിക്കണമെന്ന് പ്രസംഗത്തിൽ പറഞ്ഞതിനു പിന്നാലെയാണ് സംഭവമെന്നാണ് റിപ്പോർട്ട്.

More Stories from this section

family-dental
witywide