
തദ്ദേശീയ നിര്‍മ്മിതിയായ തേജസ് യുദ്ധവിമാനത്തില്‍ യാത്ര ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. എന്താണ് അടുത്തത്, മുങ്ങിക്കപ്പലാണോ എന്നായിരുന്നു പ്രകാശ് രാജിന്റെ ചോദ്യം. തേജസ് യുദ്ധവിമാനത്തില്‍ യാത്ര ചെയ്യുന്ന പ്രധാനമന്ത്രിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പ്രകാശ് രാജ് എക്‌സില്‍ ചോദ്യമുന്നയിച്ചത്. തേജസില്‍ യാത്ര ചെയ്തതിന്റെ ചിത്രങ്ങള്‍ നരേന്ദ്രമോദി എക്‌സില്‍ പങ്കുവെച്ചിരുന്നു.
‘യാത്രാനുഭവം പങ്കുവക്കാന്‍ സാധിക്കുന്നതിലും അപ്പുറമാണ്. പ്രതിരോധ നിര്‍മ്മാണ രംഗത്തെ രാജ്യത്തിന്റെ കഴിവിലുള്ള തന്റെ വിശ്വാസം വര്‍ധിപ്പിക്കുന്നു. രാജ്യത്തിന്റെ പര്യാപ്തതയില്‍ അഭിമാനം പകരുന്നതായിരുന്നു യാത്ര’ എന്നായിരുന്നു പ്രധാനമന്ത്രി എക്സില്‍ കുറിച്ചത്. ഒരാഴ്ച മുന്‍പ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും തേജസ് വിമാനത്തില്‍ യാത്ര ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മോദിയെ പരിഹസിച്ച് പ്രകാശ് രാജ് രംഗത്ത് വന്നത്.
നേരത്തേ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയോടു തോറ്റതോടെ ബിജെപിയുടെ പദ്ധതി പാളിയെന്ന പരിഹാസവുമായും പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. ”പ്രധാന നടന്റെ തിരക്കഥ പാടേ പാളിയിരിക്കുന്നു. ഇനിയും ഇതുപോലെ ഒരുപാടു കാര്യങ്ങള്‍ വരും’ എന്നാണ് പ്രകാശ് രാജ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. ഇന്ത്യ ലോകകപ്പ് ജയിച്ചിരുന്നെങ്കില്‍ മോദിയുടെ നേതൃത്വത്തില്‍ ആഘോഷിക്കാന്‍ ബിജെപി പദ്ധതി തയാറാക്കിയിരുന്നുവെന്നു വിശദീകരിക്കുന്ന, കോണ്‍ഗ്രസ് അനുകൂല അക്കൗണ്ടില്‍ വന്ന കുറിപ്പു പങ്കുവച്ചായിരുന്നു പ്രകാശ് രാജിന്റെ പരിഹാസം.