തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തിരഞ്ഞെടുക്കപ്പെടാത്തത് തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നത് സത്യമാണെന്ന് രമേശ് ചെന്നിത്തല. ഈ വിഷയം സംബന്ധിച്ച് ആദ്യമായാണ് ചെന്നിത്തല പരസ്യ പ്രതികരണം നടത്തുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റിയ രീതിയിലും പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താതിലുമുള്ള നിരാശ അദ്ദേഹം പരസ്യപ്പെടുത്തി. എന്നാല്‍ 16 നു ചേരുന്ന പ്രവര്‍ത്തക സമിതിയുടെ ആദ്യയോഗത്തില്‍ പങ്കെടുക്കുമെന്നും പറയാനുള്ളത് ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
പ്രവര്‍ത്തക സമിതിയില്‍ സ്ഥിരം ക്ഷണിതാവായി മാത്രം ഉള്‍പ്പെടുത്തിയതില്‍ അതൃപ്തിയുണ്ടെങ്കിലും പാർട്ടിയെ തള്ളിപ്പറയാൻ അദ്ദേഹം തറായില്ല. ”രണ്ട് പതിറ്റാണ്ട് മുമ്പുണ്ടായിരുന്ന പദവിയിൽ വീണ്ടും നിയോഗിച്ചതിൽ അസ്വാഭാവിക തോന്നി. ദേശീയതലത്തിൽ തന്നേക്കാൾ ജൂനിയറായ പലരും പ്രവർത്തക സമിതിയില്‍ എത്തിയപ്പോഴാണ് ഇതുണ്ടായത്. എന്നാൽ അതൊന്നും പാർട്ടി എന്ന വികാരത്തിന് അപ്പുറമല്ല. പറയാനുള്ള കാര്യങ്ങൾ ഹൈക്കമാൻഡിനെ ധരിപ്പിക്കും” – ചെന്നിത്തല പറഞ്ഞു.
ഇതുവരേയും പാർട്ടി ഏൽപ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും സത്യസന്ധതയോടെ നിർവഹിച്ചിട്ടുണ്ട്. ഒരു പ്രവർത്തകനുപോലും അപ്രാപ്യനായ നേതാവായിരുന്നില്ല. രണ്ടുവർഷമായി ഒരു പദവിയുമില്ലാതെയാണ് പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്നത്. 19 വർഷം മുൻപ് സോണിയ അധ്യക്ഷയായിരിക്കുമ്പോൾ പ്രവർത്തക സമിതി സ്ഥിരാംഗമായും അതിന് മുൻപ് പ്രത്യേക ക്ഷണിതാവായും പ്രവർത്തിച്ചിട്ടുണ്ട്. അച്ചടക്കമുള്ളവരെ മാറ്റിനിർത്താമെന്ന് വിചാരിച്ചുകാണും” – അതൃപ്തി പ്രകടമാക്കി ചെന്നിത്തല പറഞ്ഞു.
”പ്രതിപക്ഷനേതൃസ്ഥാനത്ത് നിന്ന് മാറ്റിയതിൽ ഒരു സങ്കടവുമില്ല. പക്ഷെ അത് ചെയ്ത രീതി ശരിയായില്ല” – ചെന്നിത്തല പറഞ്ഞു. ഒരു വിഷയത്തിലും വിഴുപ്പലക്കാനോ പാർട്ടിയെ പ്രതിസന്ധിയിലാക്കാനോ ഇല്ല. വ്യക്തിപരമായ താഴ്ചകൾക്കല്ല പ്രാധാന്യം നൽകേണ്ടതെന്ന് ബോധ്യമായെന്നും ചെന്നിത്തല വ്യക്തമാക്കി.