‘യുഎസ് സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ ഇറാന്‍ സഹായിക്കുന്നു’; ആരോപണവുമായി വൈറ്റ് ഹൗസ്

വാഷിങ്ടൺ: ഇറാഖിലെയും സിറിയയിലെയും യുഎസ് സൈനിക താവളങ്ങളില്‍ ആക്രമണം നടത്താന്‍ ഇറാന്‍ സജീവമായി സഹായം നല്‍കുന്നുവെന്ന് വൈറ്റ് ഹൗസ്. ഇറാന്റെ പിന്തുണയുള്ള സംഘടനകളുടെ റോക്കറ്റ്, ഡ്രോണ്‍ ആക്രമണങ്ങള്‍ക്കാണ് സഹായം ഉറപ്പാക്കുന്നത്. വിഷയത്തില്‍ കൂടുതല്‍ നടപടിയെടുക്കാനും ഉചിതമായി പ്രതികരിക്കാനും പ്രസിഡന്റ് ജോ ബൈഡന്‍ പ്രതിരോധ വകുപ്പിനോട് നിര്‍ദ്ദേശിച്ചു.

കഴിഞ്ഞ ആഴ്‌ചയിൽ, പ്രത്യേകിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരം ആക്രമണങ്ങളിൽ വർദ്ധനവുണ്ടായിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു. എന്നാൽ ഈ മേഖലയിലെ തങ്ങളുടെ താൽപ്പര്യങ്ങൾക്കെതിരായ ഭീഷണികളെ യുഎസ് കണ്ടില്ലെന്ന് നടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡും (ഐആർജിസി) ഇറാൻ സർക്കാരും ഈ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതായി അമേരിക്ക വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഹമാസിനും ഹിസ്ബുള്ള തീവ്രവാദി ഗ്രൂപ്പുകൾക്കും പിന്തുണ നൽകുന്നത് ഇറാൻ തുടരുകയാണെന്നും വൈറ്റ് ഹൗസ് ആരോപിച്ചു.

“ഇറാൻ ഈ സംഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ചില സന്ദർഭങ്ങളിൽ, ഈ ആക്രമണങ്ങളെ സജീവമായി സുഗമമാക്കാൻ സഹായിക്കുന്നു. ആക്രമണം നടത്താന്‍ സംഘര്‍ഷം മുതലെടുക്കാന്‍ ആഗ്രഹിക്കുന്നവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും ഞങ്ങള്‍ക്കറിയാം,” അദ്ദേഹം പറഞ്ഞു.

ഒക്‌ടോബർ 7 ന് ഹമാസിലെ തീവ്രവാദികൾ തെക്കൻ ഇസ്രയേലിൽ ആക്രമണം നടത്തിയതോടെ ഇസ്രയേലിൽ സംഘർഷം രൂക്ഷമായത് മുതൽ യുഎസ് സേനയ്‌ക്കെതിരായ ആക്രമണങ്ങളും വർദ്ധിച്ചിട്ടുണ്ട്.

“വരാനിരിക്കുന്ന ദിവസങ്ങളിൽ ഈ ആക്രമണങ്ങൾ ഗണ്യമായി വർദ്ധിക്കാനുള്ള സാധ്യതയെക്കുറിച്ച് ഞങ്ങൾക്ക് വളരെ ആശങ്കയുണ്ട്,” കിർബി പറഞ്ഞു.

രണ്ട് വിമാനവാഹിനിക്കപ്പലുകൾ, മറ്റ് യുദ്ധക്കപ്പലുകൾ, ഏകദേശം 2,000 നാവികർ എന്നിവയുൾപ്പെടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബൈഡൻ മിഡിൽ ഈസ്റ്റിലേക്ക് നാവിക ശക്തി അയച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide