ഉത്തരവുകൾ പാലിക്കാത്തതിന് റഷ്യ സ്വന്തം സൈനികരെ കൂട്ടത്തോടെ കൊന്നൊടുക്കുന്നു: വൈറ്റ് ഹൗസ്

വാഷിങ്ടൺ: ഉത്തരവുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ട സൈനികരെ റഷ്യ വധിക്കുകയാണെന്നും ഉക്രേനിയൻ പീരങ്കി വെടിവയ്പ്പിൽ നിന്ന് പിൻവാങ്ങിയാൽ മുഴുവൻ യൂണിറ്റുകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും വൈറ്റ് ഹൗസ്.

യുദ്ധ മുഖത്ത് നിന്ന് തിരികെ പോകുന്നവരോ പീരങ്കി ആക്രമണത്തിന് തയ്യാറാകാത്തവരോ ഉണ്ടെങ്കില്‍ യൂണിറ്റിലുള്ള എല്ലാ സൈനികരെയും വധിക്കുമെന്ന് റഷ്യന്‍ കമാന്‍ഡര്‍ സൈനികരെ ഭീഷണിപ്പെടുത്തിയതായും അമേരിക്ക ആരോപിക്കുന്നു. റഷ്യയുടെ നടപടി സംബന്ധിച്ച് തങ്ങള്‍ക്ക് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി ആണ് ഓര്‍ഡറുകള്‍ പാലിക്കാന്‍ വിസമ്മതിച്ച സൈനികരെ റഷ്യ കൊന്നുതള്ളിയതിന് തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്ന് വ്യക്തമാക്കിയത്. ഉക്രെയ്ന്‍ യുദ്ധമുഖത്തുള്ള റഷ്യന്‍ സൈനികര്‍ക്ക് വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലെന്നും കിര്‍ബി ആരോപിച്ചു. ആവശ്യമായ പരിശീലനം ലഭിക്കാത്ത സൈനികരെ റഷ്യ യുദ്ധമുഖത്തേക്ക് എറിഞ്ഞുകൊടുക്കുകയാണെന്നും കിര്‍ബി കൂട്ടിച്ചേര്‍ത്തു.

ഉക്രെയ്ന്‍- റഷ്യ യുദ്ധം അനന്തമായി നീണ്ടുപോകുന്നതില്‍ റഷ്യന്‍ സൈനികര്‍ കടുത്ത നിരാശയിലാണെന്നും യുദ്ധ മുഖത്ത് ആവശ്യത്തിന് ഭക്ഷണമോ ആയുധങ്ങളോ ലഭിക്കുന്നില്ലെന്നും മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഉക്രെയ്ന്‍ നഗരമായ ഡൊനെറ്റ്‌സ്‌കില്ലില്‍ ശക്തമായ പോരാട്ടമാണ് ഇരു വിഭാഗങ്ങളും നടത്തുന്നത്. നഗരം തിരിച്ചുപിടിക്കാന്‍ യുക്രെയ്ന്‍ നടത്തുന്ന പ്രത്യാക്രമണത്തില്‍ അഞ്ഞൂറിലധികം റഷ്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. അതേ സമയം യുക്രെയ്‌നായി 150 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ചുകൊണ്ടാണ് അമേരിക്ക റഷ്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്.

More Stories from this section

family-dental
witywide