ആരാണ് ബിജെപിയെ കേരളത്തിലേക്ക് ക്ഷണിക്കുന്നത്?

കുറേ നാളുകളായി എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കേരളത്തില്‍ വ്യാപകമായി തിരച്ചില്‍ നടത്തുകയാണ്. ഇഡിയുടെ റെയ്ഡോ ചോദ്യംചെയ്യലോ ഇല്ലാതെ ഒരു ദിവസംപോലും കേരളത്തില്‍ കടന്നുപോകുന്നില്ല. ഇഡിയെ നിരന്തരം ഇങ്ങോട്ടു ക്ഷണിച്ചു വരുത്തുന്നത് കേരളത്തിലെ സഹകരണ ബാങ്കുകളാണ് എന്നതാണ് ഏറ്റവും ഖേദകരമായ വസ്തുത. സഹകരണ മേഖലയെ തകര്‍ക്കാനുള്ള ബിജെപി ശ്രമമാണ് ഇത് എന്ന് സിപിഎം ആരോപിക്കുമ്പോള്‍, ഇഡിയെ ഇങ്ങോട്ടു വിളിച്ചു വരുത്തിയതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് സിപിഎമ്മിന് മാറി നില്‍ക്കാനാവില്ല. കരുവന്നൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേടിൻ്റെ വ്യാപ്തി എല്ലാവരേയും ഞെട്ടിച്ചു കഴിഞ്ഞു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല . ക്രമക്കേടുകളുടെ പട്ടിക ദിവസംപ്രതി പുറത്തുവരികയാണ്. സിപിഎം ഭരിക്കുന്ന ബാങ്കുകളിലാണ് തട്ടിപ്പ് കൂടുതലും നടന്നതെങ്കിലും കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കുകളിലും തട്ടിപ്പ് നടക്കുന്നുണ്ട്. പുല്‍പ്പള്ളി സഹകരണ ബാങ്കിലെ രണ്ട് പേരെ ഇഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത് ഉദാഹരണം.

സാധാരണക്കാരുടെ താങ്ങാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം. ആ പ്രസ്ഥാനത്തെ നയിക്കാന്‍ പാര്‍ട്ടി നയിക്കാന്‍ നിയോഗിക്കുന്നവര്‍ , തട്ടിപ്പ് നടത്തുമ്പോള്‍ അതിൻ്റെ ഉത്തരവാദിത്വം അതാത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തന്നെയാണ്. തട്ടിപ്പിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോള്‍ ഇഡിയുടെ കസ്റ്റഡിയില്‍ ഇരിക്കുന്ന സിപിഎം പ്രാദേശിക നേതാവ് അരവിന്ദാക്ഷന്‍ .കരുവന്നൂര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി വെളപ്പായ സതീശന്‍ സിപിഎം നേതാക്കളുടെ ബെനാമിയാണ് എന്ന ആക്ഷേപം ആദ്യം മുതല്‍ തന്നെ നിലനില്‍ക്കുന്നുമുണ്ട് . പണം നഷ്ടപ്പെട്ട് വഴിയാധാരമായ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെക്കാള്‍ തട്ടിപ്പു നടത്തിയ നേതാക്കളോട് കൂറുകാണിക്കുന്ന സിപിഎം നേതൃത്വം ഒന്നോര്‍ക്കണം കാല്‍ച്ചോട്ടിലെ മണ്ണാണ് ഇളക്കി പോകുന്നത്. കഷ്ടപ്പെട്ട്, ചോരവിയര്‍പ്പാക്കി കൂട്ടിവച്ച ഓരോ നാണയത്തുട്ടുകളും തട്ടിപ്പുകാരുടെ കീശയിലേക്ക് പോകുന്നതു കണ്ടും മനസ്സാവാചാ അറിയാതെ സ്വന്തം പേരില്‍ കോടികളുടെ ലോണ്‍ബാധ്യത വന്നത് എങ്ങനെയെന്ന് മനസ്സിലാവാതെ അമ്പരന്നും ജീവിതം ചോദ്യചിഹ്നമായി നില്‍ക്കുകയാണ് സാധാരണക്കാര്‍. ജനാധിപത്യമായിരുന്നു കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൻ്റെ മുഖമുദ്ര. അവിടെയാണ് നെറികെട്ട ചില രാഷ്ട്രീയക്കാരുടെ സമഗ്രാധിപത്യം തട്ടിപ്പിനും അഴിമതിക്കും വഴിവെട്ടിയത്.

കേരളത്തിലേക്ക് എത്താന്‍ പല വഴികള്‍ ആലോചിച്ചുകൊണ്ടിരിക്കുന്ന ബിജെപിക്ക് വീണു കിട്ടിയിരിക്കുന്നത് സുവര്‍ണാവസരമാണ്. ഒരു കാലത്ത് ഗുജറാത്ത് അടക്കിവാണിരുന്ന കോണ്‍ഗ്രസിൻ്റെ ആണിക്കല്ല് ഇളക്കി ബിജെപി കയറിയത് എങ്ങനെയാണെന്ന് ഇവിടുത്തെ രാഷ്ട്രീയക്കാര്‍ എല്ലാം ഓര്‍ത്താല്‍ നന്നായിരിക്കും. മോദി – അമിത് ഷാ സഖ്യം ആദ്യം ചെയ്തത് അവിടുത്തെ സഹകരണ ബാങ്കുകള്‍ പിടിച്ചെടുക്കുകയായിരുന്നു. പിന്നീടാണ് അധികാരത്തില്‍ അവര്‍ എത്തിയത്. ബിജെപിയുടെ പദയാത്ര ആരംഭിക്കുന്നതു തന്നെ കരുവണ്ണൂരില്‍നിന്നാണ്. സുരേഷ് ഗോപിക്കു വേണ്ടിയാണ് ഇഡി തൃശൂരില്‍ കിടന്ന് കറങ്ങുന്നത് എന്ന് ആക്ഷേപിക്കുമ്പോഴും സിപിഎമ്മിന് കരുവണ്ണൂരില്‍ കൈകഴുകാനാവില്ല.

ഇഡി എന്നത് എക്കാലവും ഭരിക്കുന്ന പാര്‍ട്ടികളുടെ ഒരായുധമായിരുന്നു. എന്നാല്‍ അത് വ്യാപകമായും പ്രതികാരബുദ്ധിയോടെയും ബിജെപി ഇതര സംസ്ഥാനങ്ങളില്‍ അതിനെ ഉപയോഗിക്കാന്‍ കേന്ദ്രത്തില്‍ ഇരിക്കുന്നവര്‍ക്ക് ഒരു മടിയുമില്ലെന്ന് വലിയ ബിജെപി വിമര്‍ശകരായ സിപിഎം കോണ്‍ഗ്രസും ഓര്‍ക്കേണ്ടതായിരുന്നു. ഇഡിയുടെ അന്വേഷണത്തെ രാഷ്ട്രീയപേരിതം എന്നു പറഞ്ഞ് തള്ളിക്കളയാന്‍ ആര്‍ക്കും പറ്റില്ല. ആരും അത് വിശ്വസിക്കുകയുമില്ല. എന്തു പറഞ്ഞാലും ഈ നാട്ടിലെ പാവങ്ങളുടെ വിയര്‍പ്പിൻ്റെയും കണ്ണീരിൻ്റെയും വില കല്‍പ്പിക്കാത്തവര്‍ ഓര്‍ത്തോളൂ.. നിങ്ങളാണ് ബിജെപിക്ക് വഴിവെട്ടുന്നത്. നിങ്ങളെ വിശ്വസിച്ച പാവപ്പെട്ടവരുടെ കണ്ണീരു കാണാതെ തട്ടിപ്പുകാരെ സംരക്ഷിച്ചാല്‍ ഓര്‍ത്തോളൂ… തിരിച്ചടി വളരെ വളരെ വലുതായിരിക്കും.