
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പ്രധാന പട്ടണങ്ങളിലൊന്നായ ഇരിട്ടിക്കു 5 കിലോമീറ്റര്‍ അപ്പുറം ഉളിക്കല്‍ ടൗണില്‍ കാട്ടാനയുടെ വിളയാട്ടം. ഇന്നലെ പകല്‍ മുഴുവൻ ആന നാട്ടിലുണ്ടായിരുന്നു. രാത്രിയാണ് കാടു കയറിയത്. ആന പോയ വഴിയില്‍ ഇന്നു പുലര്‍ച്ചെ വയോധികൻ്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ആന കൊലപ്പെടുത്തിയതാണോ പേടിച്ചോടുന്നതിനിടെ വീണ് മരിച്ചതാണോ എന്ന് സംശയിക്കുന്നു. പരിശോധനകള്‍ നടത്തി വരുന്നതേയുള്ളു.
15 കിലോമീറ്റര്‍ അപ്പുറമുള്ള കര്‍ണാടക വനത്തില്‍ നിന്ന് വന്ന കാട്ടാനയാണ് ഏതാണ്ട് 5 മണിക്കൂര്‍ ടൗണിനെ അക്ഷരാര്‍ഥത്തില്‍ വിറപ്പിച്ചത്. വനത്തില്‍ നിന്ന് 3 ചെറിയ ടൗണുകള്‍ കടന്ന് ഉളിക്കല്ലില്‍ എത്തിയ കാട്ടാനായെ ആറേമുക്കാലോടെയാണ് നാട്ടുകാരില്‍ ഒരാള്‍ കാണുന്നത്. ആന വന്നത് അറിഞ്ഞത് പടക്കം പൊട്ടിച്ചതോടെ ആന സെൻ്റ് ജോസഫ്സ് പള്ളിക്ക് സമീപം എത്തി. അവിടെനിന്ന് വയത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തും എത്തി. ആന വാര്‍ത്ത പരന്നതോടെ പ്രദേശത്ത് ഈച്ച പോലും അനങ്ങാത്ത സ്ഥിതി വന്നു. കടകള്‍ തുറന്നില്ല. വണ്ടികള്‍ ഓടിയില്ല. സ്കൂള്‍ തുറന്നില്ല. ആരും പുറത്തിറങ്ങിയില്ല . മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തി.
പൊലീസും വനം വകുപ്പും സ്ഥലത്ത് എത്തി ആനയെ തുരത്താന്‍ ഏറെ ബുദ്ധിമുട്ടി. മഴ കൂടി തകര്‍ത്തതോടെ ശ്രമം ദുഷ്കരമായി. ഇതിനിടെ ആന പല തോട്ടങ്ങളും ജനവാസ മേഖലകളും കടന്ന് വിരണ്ട് ഓടാന്‍ തുടങ്ങി. രാത്രി പുഴ കയറ്റി വനത്തോട് ചേര്‍ന്ന പ്രദേശത്ത് ആനയെ എത്തിച്ചു.
കര്‍ണാടക അതിര്‍ത്തിയിലെ വനത്തില്‍ നിന്ന് മണിക്കടവ് ഭാഗത്തു കൂടി ജനവാസ മേഖയില്‍ കയറിയ ആന നൂറുകണത്തിന് വീടുകളും റോഡുകളും മലയോര ഹൈവേയും കടന്നാണ് രാവിലെ ഉളിക്കല്ലില്‍ എത്തിയത്. പല തോട്ടങ്ങളിലും തമ്പടിച്ച് പുറവയല്‍ – കടമനക്കണ്ടി – മാട്ടറ വഴി വനപ്രദേശത്ത് തിരികെ എത്തിച്ചു.
wild elephant , which ram amok in Ulikkal town retreats to forest










