ലണ്ടൻ ∙ ബ്രിട്ടനിൽ സ്റ്റേഷനറി ഉൽപന്നങ്ങളും ഗൃഹോപകരണങ്ങളും വിൽക്കുന്ന സൂപ്പർ മാർക്കറ്റ് ശൃംഖലയായ വിൽകോയുടെ എല്ലാ ഷോറൂമുകൾക്കും ഒക്ടോബർ ആദ്യവാരം അടച്ചു പൂട്ടും. അഡ്മിനിസ്ട്രേറ്റർ ഭരണത്തിലായ വിൽകോയെ രക്ഷിക്കാൻ അഡ്മിനിസ്ട്രേറ്റർ കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ ഇന്റർനാഷനൽ നടത്തിയ ശ്രമങ്ങൾ ഫലപ്രദമാകാതെ വന്നതോടെയാണ് കമ്പനിയുടെ പ്രവർത്തനം പൂർണമായി നിർത്താൻ തീരുമാനമായത്. ഏതാനും ഷോപ്പുകൾ ഇതിനോടകം പ്രവർത്തനം നിർത്തിക്കഴിഞ്ഞു. ഇവിടങ്ങളിൽ ജോലി ചെയ്തിരുന്ന 1200 പേർക്ക് തൊഴിൽ നഷ്ടമയി. കമ്പനിയുടെ നാനൂറോളം ഷോറൂമുകൾക്ക് പൂട്ടുവീഴുന്നതോടെ 12,000 പേർക്കാണ് തൊഴിൽ നഷ്ടം സംഭവിക്കുക. ഈ ഷോപ്പുകൾ വാങ്ങാൻ ആരെയും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഇവ അടച്ചുപൂട്ടേണ്ടി വരുന്നതെന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ ഇന്റർനാഷനൽ വ്യക്തമാക്കി.
വിൽകോയുടെ 51 ഷോപ്പുകൾ ഏറ്റെടുക്കാൻ ബി ആൻഡ് എം കമ്പനി മുന്നോട്ടു വന്നിട്ടുണ്ട്. എന്നാൽ ഇവ വിൽകോയായി തന്നെ നിലനിൽക്കില്ല. കെട്ടിടവും സ്റ്റോക്കും ഏറ്റടുക്കുന്നതോടെ ഈ ഷോറൂമുകൾ ബി ആൻഡ് എം ഷോറൂമുകളായി മാറും.
ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിലാണ് വിൽക്കോയുടെ തകർച്ചയ്ക്ക് തുടക്കമായത്. 1930ൽ ആരംഭിച്ച കമ്പനി 1990ൽ രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന കമ്പനിയായിരുന്നു. പിന്നീട് ബി ആൻഡ് എം, പൗണ്ട് ലാൻഡ്, ഹോം ബാർഗെയിൻ എന്നിവയുടെയും ഓൺലൈൻ വിപണിയുടെയും വളർച്ചയിൽ കമ്പനി കടുത്ത മൽസരം നേരിട്ടതോടെയാണ് തകർച്ചയ്ക്ക് തുടക്കമായത്.