പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെതിരെ അനില്‍ ആന്‍റണി വരുമോ? ബിജെപി മുന്നേറ്റം തുടങ്ങിയെന്ന് അനില്‍ ആന്‍റണി

പുതുപ്പള്ളി: ഉമ്മന്‍ചാണ്ടി അന്തരിച്ച സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ചിത്രം തെളിഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമിയായി കോണ്‍ഗ്രസ് ചാണ്ടി ഉമ്മനെ തീരുമാനിച്ചതിനെ പിന്നാലെ എല്‍.ഡി.എഫും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഉമ്മന്‍ചാണ്ടിയുടെ എതിരാളിയായിരുന്ന ജെയ്ക് സി തോമസിനെ തന്നെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കുന്നത്. ചെറുപ്പക്കാരുടെ പോരാട്ടമായി മാറുന്ന പുതുപ്പള്ളിയിലേക്ക് സാക്ഷാല്‍ എ.കെ.ആന്‍റണിയുടെ മകനും ഇപ്പോള്‍ ബിജെപി നേതാവുമായ അനില്‍ ആന്‍റണി വരുമോ എന്നതാണ് ഏവരും കാത്തിരിക്കുന്നത്.

അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെയാണ് കേരളത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കാണാന്‍ പോകുന്നത് ബിജെപി മുന്നേറ്റമായിരിക്കുമെന്ന ആനില്‍ ആന്‍റണിയുടെ പ്രസ്താവന. ഒരു മണ്ഡലത്തിലും ബിജെപി പിന്നോട്ടുപോകില്ല. സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല ബിജെപിയിലെത്തിയത്. രാജ്യത്തെ കോടിക്കണക്കിന് യുവാക്കള്‍ നരേന്ദ്രമോദിയില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ്. അതുപോലെ താനും മോദിയില്‍ പ്രതീക്ഷ വെക്കുകയാണെന്നും അതിനാലാണ് ബിജെപിയില്‍ എത്തിയതെന്നും അനില്‍ ആന്‍റണി പറഞ്ഞു.

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏഴ് പതിറ്റാണ്ടോളം കാലം നടന്നതിലധികം വികസനമാണ് മോദി സര്‍ക്കാര്‍ കഴി‍ഞ്ഞ ഒമ്പത് വര്‍ഷം കൊണ്ട് രാജ്യത്ത് നടപ്പാക്കിയത്. രാജ്യത്ത് എല്ലായിടത്തും മോദി വികസനം എത്തിച്ചു. 2014ല്‍ രാജ്യത്താകെ ഉണ്ടായിരുന്നത് 500 സ്റ്റാര്‍ട്ടപ്പുകളാണെങ്കില്‍ ഇന്നത് ഒരു ലക്ഷമായിരിക്കുന്നു. വിമാനത്താവളങ്ങള്‍ 74ല്‍ നിന്ന് 150 ആയി.

നരേന്ദ്ര മോദിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ബിജെപിയിലെത്തിയത്. സ്ഥാനങ്ങള്‍ സംബന്ധിച്ച കാര്യങ്ങളൊക്കെ പാര്‍ടിയാണ് തീരുമാനിക്കേണ്ടതെന്ന് പുതുപ്പള്ളി സ്ഥാനാര്‍ത്ഥി സാധ്യതയെ കുറിച്ച് അനില്‍ ആന്‍റണി പ്രതികരിച്ചു. അനില്‍ ആന്‍റണി സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ തീര്‍ച്ചയായും പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഉമ്മന്‍ചാണ്ടിയും മകനും ആന്‍റണിയുടെ മകനും പിന്നെ ഉമ്മന്‍ചാണ്ടിയുടെ മുന്‍ എതിരാളിയും തമ്മിലുള്ള പോരാട്ടമാകും പുതുപ്പള്ളിയില്‍.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതോടെ മണ്ഡലത്തില്‍ ചാണ്ടി ഉമ്മന്‍ പ്രചരണം ആരംഭിച്ചു. അതിനിടെ ഉമ്മന്‍ചാണ്ടിയുടെ ശൈലിയില്‍ സംസാരിക്കുകയും ശരീര ഭാഷയില്‍ ഉമ്മന്‍ചാണ്ടിയെ പോലെയാകാനും ശ്രമിക്കുന്ന ചാണ്ടി ഉമ്മനെതിരെ സാമൂഹ്യ മാധ്യമ പ്രചരണ ശക്തമാണ്.

More Stories from this section

family-dental
witywide