
ന്യൂഡൽഹി: ന്യൂമംഗളൂരു തുറമുഖത്തേക്കുള്ള യാത്രാമധ്യേ അറബിക്കടലിൽവെച്ച് എംവി കെം പ്ലൂട്ടോ എന്ന വ്യാപാരക്കപ്പൽ ആക്രമിച്ചവരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. വ്യാപരകപ്പൽ ആക്രമിച്ചവരെ കടലിനടിയിൽ പോയി ഒളിച്ചാലും കണ്ടെത്തുമെന്ന് രാജ്‌നാഥ് സിംങ് പറഞ്ഞു. ഇന്ത്യൻ നാവികസേന കടലിൽ നിരീക്ഷണം ശക്തമാക്കിയതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.
മിസൈൽവേധ യുദ്ധക്കപ്പലായ ഐഎൻഎസ് ഇംഫാൽ കമ്മിഷൻ ചെയ്ത ചടങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. എംവി കെം പ്ലൂട്ടോ, എംവി സായിബാബ എന്നീ കപ്പലുകൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങളെ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. സമുദ്രത്തിൽ നാവികസേന പട്രോളിങ് ശക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനും പ്രത്യാക്രമണം നടത്താനുമായി നാല് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചതായി നാവികസേന ചീഫ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ പറഞ്ഞു. പി.81 വിമാനങ്ങള്‍, ഡോര്‍ണിയേഴ്‌സ്, സീ ഗാര്‍ഡിയന്‍സ്, ഹെലികോപ്റ്ററുകള്‍, കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ എന്നിവയെല്ലാം കടല്‍ക്കൊള്ളയുടെയും ഡ്രോണ്‍ ആക്രമണത്തിന്റെയും ഭീഷണിയെ നേരിടാന്‍ സംയുക്തമായി വിന്യസിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സൗദി അറേബ്യയില്‍നിന്ന് മംഗളൂരുവിലേക്ക് വരുകയായിരുന്ന എംവി കെം പ്ലൂട്ടോ എന്ന കപ്പലിന് നേരെ ശനിയാഴ്ചയാണ് ഡ്രോണാക്രമണമുണ്ടായത്. ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തുനിന്ന് 217 നോട്ടിക്കല്‍ മൈല്‍ അകലെവെച്ചായിരുന്നു ആക്രമണം നടന്നത്. ഡ്രോണ്‍ പതിച്ചതിനെ തുടര്‍ന്ന് വന്‍ സ്‌ഫോടനമുണ്ടായി. 20 ഇന്ത്യന്‍ ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണ്.