
ന്യൂഡല്‍ഹി: മധ്യപ്രദേശ് നിയസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക നേരത്തേ തന്നെ ഇറക്കി ബിജെപി വേഗം കളത്തിലിറങ്ങിയെങ്കിലും ചില നേതാക്കളുടെ നിലപാടുകള്‍ പാര്‍ട്ടിയെ വെട്ടിലാക്കുന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയുടെ പ്രസ്താവനകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സീനിയര്‍ നേതാവായ താന്‍ എങ്ങനെ കൈകൂപ്പി വോട്ടുചോദിക്കുമെന്ന് ഭോപാലിലെ പാര്‍ട്ടിയോഗത്തില്‍ അദ്ദേഹം ചോദിച്ചു. ഇതു വാര്‍ത്തയായതോടെ അദ്ദേഹം ചുവടുമാറ്റി.
നിലവില്‍ കോണ്‍ഗ്രസിൻ്റെ കൈവശമുള്ള ഇൻഡോര്‍ 1 മണ്ഡലത്തിലാണ് ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവായ താന്‍ എവിടെയെങ്കിലുമൊക്കെ പ്രസംഗിച്ച് നടക്കുകയല്ലാതെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുക എന്നത് ചിന്തിക്കാനാവില്ല എന്നാണ് കൈലാഷ് പറഞ്ഞത്. ഒരു ശതമാനം പോലും തനിക്ക് ഇതില്‍ താല്‍പര്യമില്ലെന്നും കൈലാഷ് പറഞ്ഞു. എന്നാല്‍ പിന്നീട് തിരുത്തി, പാര്‍ട്ടി പറയുന്ന എന്ത് ജോലിയും ചെയ്യുമെന്ന് അറിയിച്ചു.
കൈലാഷിൻ്റെ മകന്‍ ആകാശ് നിലവില്‍ എംഎല്‍എയാണ്. നിരവധി വിവാദങ്ങളില്‍ പെട്ട ആകാശിന് ഇത്തവണ സീറ്റ് ലഭിച്ചേക്കില്ല. കൈലാഷ് അടക്കം എട്ട് ദേശീയ നേതാക്കളെയാണ് ഇത്തവണ ബിജെപി മധ്യപ്രദേശില്‍ നിര്‍ത്തിയിരിക്കുന്നത്. ഇതില്‍ 3 കേന്ദ്രമന്ത്രിമാരുമുണ്ട്. അതേസമയം മധ്യപ്രദേശിലെ ബിജെപിയുടെ അമരക്കാരനായ ശിവരാജ് സിങ് ചൗഹാന് ഏതു മണ്ഡലമാണ് എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. അദ്ദേഹത്തെ മല്‍സരിപ്പിച്ചേക്കില്ല എന്നുവരെ പിന്നാമ്പുറ സംസാരമുണ്ട്.
will I now ask for votes with folded hands? ; BJP leader Kailash Vijay Vargia