
കൊല്ലം: കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ആറു വയസ്സുകാരി അബിഗേലിനെ ഇന്ന് വീട്ടിലേക്ക് കൊണ്ടുവരില്ല. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം. വളരെ അവശനിലയിലാണ് കുട്ടിയെ കണ്ടെത്തിയിരുന്നത്. പ്രാഥമിക പരിശോധനയില്‍ കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടില്ലെങ്കിലും മാനസിക പിന്തുണ ഉറപ്പാക്കുന്നതിനാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നത്.
തട്ടിക്കൊണ്ടു പോയവര്‍ ഇന്നലെ കഴിക്കാന്‍ ബിസ്‌ക്കറ്റ് നല്‍കിയിരുന്നുവെന്ന് കുട്ടി വെളിപ്പെടുത്തിയിരുന്നു, ഇതില്‍ എന്തെങ്കിലും ചേര്‍ത്ത് നല്‍കിയിട്ടുണ്ടോ എന്ന് അറിയുന്നതിന് വിദഗ്ധ പരിശോധന നടത്തും. ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം എആര്‍ ക്യാമ്പില്‍ കുഞ്ഞിനെ പരിശോധിച്ചുവെന്നും കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
കുട്ടിയുടെ മാതാപിതാക്കള്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. മാതാപിതാക്കള്‍ക്കും ആവശ്യമായ ആരോഗ്യ പിന്തുണ ഉറപ്പാക്കും. അവര്‍ക്ക് ആവശ്യമുള്ള അവധി നല്‍കാന്‍ അവര്‍ ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പൊലീസിന്റെ നിരീക്ഷണം ഭേദിച്ച് കുഞ്ഞിനെ കടത്താനാകില്ല എന്ന് മനസ്സിലായതുകൊണ്ടാണ് പ്രതികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് പോയതെന്നും പൊലീസും ജനങ്ങളും ഉള്‍പ്പെടെ കേരളം ഒറ്റക്കെട്ടായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് കുഞ്ഞിനെ തിരിച്ചുകിട്ടിയത് എന്നും മന്ത്രി പറഞ്ഞു.
ആശ്രാമം മൈതാനത്ത് വെച്ച് അബിഗേലിനെ ആദ്യം കണ്ടത് ധനഞ്ജയ എന്ന യുവതിയാണ്. കുട്ടി അവശനിലയിലെന്ന് തോന്നി വെള്ളം നല്‍കി. ശേഷം പൊലീസിനെ അറിയിച്ചു. ഒരു സ്ത്രീയാണ് കുഞ്ഞിനെ മൈതാനത്ത് കൊണ്ടിരുത്തിയതെന്ന് യുവതി പറഞ്ഞു. ഒരു സ്ത്രീ അബിഗേലിന് ഒപ്പമുണ്ടായിരുന്നു. അടുത്തുനിന്ന് പോകുന്നത് കണ്ടു. പിന്നീട് തിരിച്ചുവന്നില്ല. ഇതാണ് സംശയം തോന്നാന്‍ കാരണം. പടം വച്ചു നോക്കി സ്ഥിരീകരിച്ചതോടെ ഒപ്പം കൂടിയവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നെന്നും ധനഞ്ജയ മാധ്യമങ്ങളോടു പറഞ്ഞു. കൊല്ലം എസ്എന്‍ കോളജ് വിദ്യാര്‍ഥിനിയായ ധനഞ്ജയ പരീക്ഷ കഴിഞ്ഞ് വരികയായിരുന്നു.