രാജസ്ഥാനിൽ ‘രാജ’ വസുന്ധര തന്നെ; ബിജെപി വാഴ്ത്തുമോ, വീഴ്ത്തുമോ?

മുഖ്യമന്ത്രി സ്ഥാനാർഥിയെ മുന്നിൽ നിർത്താതെ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ട സംസ്ഥാനമാണ് രാജസ്ഥാൻ. അഞ്ചുവർഷം കൂടുമ്പോഴുള്ള ഭരണമാറ്റം എന്ന കീഴ്‌വഴക്കം തെറ്റിക്കാതെ ഇക്കുറി രാജസ്ഥാൻ ബിജെപിയെ തിരഞ്ഞെടുത്തപ്പോൾ ആരാകും മുഖ്യമന്ത്രി സ്ഥാനത്തെത്തുക എന്ന ചർച്ചകൾക്കും ചൂടുപിടിക്കുന്നു. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയെ പാർട്ടി തഴയും എന്ന് ചർച്ചകൾക്കിടയിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം ഉയർത്തിയാണ് ജനങ്ങൾ തന്നെ തഴയില്ലെന്ന് വസുന്ധര തെളിയിച്ചത്. 53,139 വോട്ടിൻ്റെ ഭൂരിപക്ഷമാണ് വസുന്ധര രാജെ സിന്ധ്യ (ഝാൽറാപാഠൻ മണ്ഡലം) നേടിയത്.

കഴിഞ്ഞ രണ്ട് ദശകമായി ബിജെപിയുടെ രാജസ്ഥാനിലെ മുഖമായിരുന്ന വസുന്ധര രാജെയ്ക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് ഗജേന്ദ്ര സിങ് ഷെഖാവത്ത്, അര്‍ജുന്‍ റാം മേഘ്​വാല്‍, സി.പി.ജോഷി എന്നിവരുടെ പേരുകളും മുഖ്യമന്ത്രി പദത്തിലേക്കായി ഉയരുന്നു. അതിനിടയിൽ രാജസ്ഥാനിലെ യോഗി എന്നറിയപ്പെടുന്ന ആത്മീയ നേതാവും അൽവാർ എംപിയുമായ ബാബ ബാലക്‌നാഥിന്റെ പേരും മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

എന്നാൽ, രാജസ്ഥാനിലെ ആദ്യ വനിതാ മുഖ്യമന്ത്രിയും നിലവില്‍ ബിജെപിയുടെ ദേശിയ വൈസ് പ്രസിഡന്റുമായ വസുന്ധര രാജെ മുഖ്യമന്ത്രി പദത്തിലേക്കുള്ള താല്‍പര്യം പ്രകടമാക്കിയിട്ടുണ്ട്. 2003ലും 2013ലും രാജസ്ഥാനില്‍ ബിജെപിയെ ചരിത്ര വിജയത്തിലേക്ക് എത്തിച്ച, സംസ്ഥാനത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവായ വസുന്ധരാ രാജെയെ മാറ്റി മറ്റൊരാളെ മുഖ്യമന്ത്രിയായി അവരോധിക്കുക ബിജെപിക്ക് വെല്ലുവിളിയാവും.

രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ രാജെ ബിജെപിയുടെ മുഖമാകണമെന്ന് അവരുടെ വിശ്വസ്തരായ എംഎൽഎമാർ നിരന്തരം ആവശ്യപ്പെടുന്നതും. വസുന്ധര രാജെ സമർത്ഥക് മഞ്ച് പോലുള്ള ഒരു സംഘടന രൂപീകരിക്കുന്നതുമെല്ലാം, സംസ്ഥാന ബിജെപിയിൽ രാജെയുടെ പിടി ഉറപ്പിക്കുന്ന ഘടകങ്ങളാണ്. സംസ്ഥാനത്ത് നടക്കുന്ന യോഗങ്ങളിൽ, പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ ഉൾപ്പെടെയുള്ള ബിജെപി ഉന്നതർ, മുൻ രാജെ സർക്കാരുകളുടെ “നേട്ടങ്ങൾ” ഉയർത്തിക്കാട്ടിക്കൊണ്ട് രാജെയുടെ വളർച്ചയെ അംഗീകരിക്കുന്നുണ്ട്.

മൂന്നാം തവണയും മരുഭൂമിയുടെ ഭരണം ഏറ്റെടുക്കാമെന്ന പ്രതീക്ഷയിലാണ് രാജെ. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെയും മുൻ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനിയുടെയും കാലഘട്ടത്തിൽ പാർട്ടിയിൽ അംഗീകാരം നേടിയ “മിതവാദി”യായ ബിജെപി നേതാക്കളിൽ ഒരാളായാണ് രാജെ കണക്കാക്കപ്പെടുന്നത്.

തന്റെ മുൻകാല പ്രചാരണങ്ങളിൽ, ബിജെപിയുടെ പതിവ് ഹിന്ദുത്വ കാർഡിൽ നിന്ന് വിട്ടുനിന്ന്, രാജെ വികസന അജണ്ടയിലാണ് ഉറച്ചുനിന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രിയം നഷ്ടപ്പെടാനും ഇത് കാരണമായിട്ടുണ്ട്.

എന്നാൽ സമീപകാലങ്ങളിൽ ഗെഹ്ലോട്ട് സർക്കാരിനെ ആക്രമിക്കുമ്പോഴെല്ലാം രാജെ പതിവിൽ നിന്ന് വിപരീതമായി ഹിന്ദുത്വത്തെ ആയുധമാക്കിയിട്ടുണ്ട് എന്നത് അവരുടെ നിലപാടിലെ വ്യതിചലനമായി കണക്കാക്കേണ്ടി വരും.

More Stories from this section

family-dental
witywide