കാമുകിയെ ചുംബിച്ചാല്‍ കേള്‍വി ശക്തി നഷ്ടപ്പെടുമോ? ഞെട്ടലോടെ കമിതാക്കള്‍!

ബെയ്ജിങ്: ഇത് വെറും കഥയല്ല, യഥാര്‍ത്ഥത്തില്‍ സംഭവിച്ചതുതന്നെയാണ്. കാമുകിയെ തുടര്‍ച്ചയായി പത്ത് മിനിറ്റ് ചുംബിച്ച ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ വെസ്റ്റ് ലേക്കിലാണ് സംഭവം ഉണ്ടായത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ചൈനയില്‍ പ്രണയ ദിനമായി ആഘോഷിക്കുന്നത് ഓഗസ്റ്റ് 22 ആണ്. അന്നാണ് സംഭവം നടന്നത്. കാമുകിയെ പത്ത് മിനിറ്റ് നേരം തുടര്‍ച്ചയായി ചുംബിച്ച യുവാവിന്റെ ചെവിക്ക് കടുത്ത വേദന അനുഭവപ്പെട്ടു. ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഇയാളുടെ ചെവിക്കല്ലില്‍ നിരവധി സുഷിരങ്ങള്‍ ഉണ്ടായതായി കണ്ടെത്തി. യുവാവ് ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണ്. ഇയാളുടെ കേള്‍വി ശക്തി തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടര്‍മാര്‍.

ചുംബിക്കുന്നതിനിടെ ചെവിക്കുള്ളിലെ വായു മര്‍ദ്ദത്തില്‍ പെട്ടെന്നുണ്ടായ മാറ്റമാണ് ഇത്തരമൊരു അപകടത്തിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. പങ്കാളിയുടെ ശ്വാസോഛ്വാസത്തിലെ വ്യതിയാനവും ഇതിന് കാരണമായി. ഇത് ആദ്യ സംഭവമല്ലെന്നും 2008ല്‍ ദക്ഷിണ ചൈനയിലും ഇതേരീതിയില്‍ ഒരു യുവതിക്ക് കേള്‍വി ശക്തി നഷ്ടപ്പെട്ടിട്ടുണ്ടെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചുംബിക്കുന്നതിനിടെ കാമുകന്റെ കേള്‍വി ശക്തി നഷ്ടപ്പെട്ട സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി തുടരുകയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം ഈ റിപ്പോര്‍ട്ട് വായിച്ചത്. ഏതായാലും ചൈനയിലെ സംഭവം കാമുകി-കാമുകന്മാര്‍ക്കിടയില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

Boyfriend loses hearing in China while kissing girlfriend