
ലീഗ് സിറ്റി (ടെക്‌സാസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂ ഇയര്‍ കൂട്ടായ്മ വിന്റര്‍ബെല്‍സ്-2023, 29 ഡിസംബര്‍ 2023 ന് വൈകിട്ട് 5 മണിക്ക് ഹെറിറ്റേജ് പാര്‍ക്ക് ബാപ്റ്റിസ്റ്റ് ചര്‍ച്ച്, വെബ്സ്റ്ററില്‍ വെച്ചു നടത്തപ്പെടും. കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്നപോലെതന്നെ ഈ വര്‍ഷവും വലിയ ആഘോഷപരിപാടികളാണ് സംഘടിപ്പിക്കുന്നത്. ലീഗ് സിറ്റി മലയാളികള്‍ക്ക് എന്നും ഇത് മറക്കാനാവാത്ത ഒരു ഉത്സവമാണ്, അതുകൊണ്ടുതന്നെ ഈ പ്രദേശത്തുള്ള എല്ലാ മലയാളികളുംതന്നെ മറ്റെല്ലാം മാറ്റിവെച്ചു വളരെ സന്തോഷത്തോടെ ഇതിന്റെ ഭാഗമായിമാറുന്നു.
സൗത്ത് ഇന്ത്യന്‍ റിയാലിറ്റി ഷോ സൂപ്പര്‍ സിംഗേഴ്‌സുകളെയും പ്ലേബാക്ക് സിംഗേഴ്‌സുകളെയും ഉള്‍പ്പെടുത്തി ഒരുസംഗീതനിശയോടൊപ്പം കുട്ടികളും യൂവജനങ്ങളും സ്ത്രീകളും പുരുഷന്മാരും അണിനിരക്കുന്ന വിവിധതരം കലാപരിപാടികളും വിന്റര്‍ബെല്‍സിനു മാറ്റേകും. കൂടാതെ ലീഗിസിറ്റിക്കാര്‍ എഴുതി സംവിധാനാം ചെയ്യുന്ന ‘രാജപ്പന്റെ സ്വന്തം സ്പൈഡര്‍മാന്‍’ എന്ന കോമഡി സ്‌കിറ്റ് വളരെ ആകാംക്ഷയോടെയാണ് നാട്ടുകാര്‍ കാത്തിരിക്കുന്നത്. ലീഗ് സിറ്റിയിലെ രസകരമായ മലയാളി അനുഭവങ്ങളെ കോര്‍ത്തിണക്കി ഡോക്ടര്‍ നജീബ് കുഴിയിലിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം ലീഗ് സിറ്റിക്കാര്‍ എഴുതി ജിജു ജോണ്‍ സംവിധാനവും സാരംഗ് രാജേഷ് എഡിറ്റിംഗും നിര്‍വഹിക്കുന്ന ഈ കോമഡി സ്‌കിറ്റ് ആളുകകെ പൊട്ടി പൊട്ടിചിരിപ്പിക്കുമെന്നു അണിയറ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.
തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട കേരളത്തിന്റെ പാചക പാരമ്പര്യം, രുചികള്‍, പരമ്പരാഗത പാചകരീതികള്‍ എന്നിവയെല്ലാം കോര്‍ത്തിണക്കി നാനൂറില്‍പ്പരം ആളുകള്‍ക്ക് തത്സമയം പാചകംചെയ്തു വിതരണം ചെയ്യത്തക്കരീതിയിലുള്ള തട്ടുകടയും അതോടനുബന്ധിച്ചുള്ള സൗകര്യങ്ങളും സംഘാടകര്‍ ഒരുക്കിക്കൊണ്ടിരുക്കുന്നതായി പത്രസമ്മേളനത്തില്‍ അറിയിച്ചു. തട്ടുകട തികച്ചും കേരള ശൈലിയിലായിരിക്കും നിര്‍മ്മിക്കുക. കേരളശൈലിയില്‍ പുല്‍ക്കൂട്, നൂറുകണക്കിനുള്ള ചെറു നക്ഷത്രങ്ങള്‍ ഇവയെല്ലാം ഒരുക്കി പ്രദേശ വാസികളിലും കൗതുകമുണര്‍ത്തുന്ന രീതിയിലുള്ള അലങ്കാരങ്ങള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്.
നൂറിലധികം കുടുംബങ്ങള്‍ ഒത്തുകൂടുന്ന ഈ സംഗമം പ്രവാസി മലയാളികളുടെ ഒരു വലിയ സ്‌നേഹക്കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരുമായി ബന്ധപ്പെടുവാനുള്ള നമ്പറുകള്‍: ബിനീഷ് ജോസഫ് 409-256-0873, ഡോ. രാജ്കുമാര്‍ മേനോന്‍ 262-744-0452, രാജന്‍കുഞ്ഞു ഗീവര്‍ഗീസ് 507-822-0051, ലിഷ ടെല്‍സണ്‍ 262-744-0452, സോജന്‍ ജോര്‍ജ് 409-256-9840, സിഞ്ചു ജേക്കബ് +1-240-784-0561, ബിജോ സെബാസ്റ്റിന്‍ 409-256-6427, മാത്യു പോള്‍ 409-454-3472.















