ജാതിസെൻസസില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ബിജെപി വനിതാ ബില്‍ അവതരിപ്പിച്ചത്:രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജാതി സെന്‍സസില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി വനിതാ സംവരണബില്‍ തിരക്കുപിടിച്ചു കൊണ്ടുവന്നത് എന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം എല്ലാ മേഖലകളിലും ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വനിതാ സംവരണബില്‍ ഇരു സഭകളിലും പാസായത് ചരിത്രപരം തന്നെ. എന്നാല്‍ ഇത് എന്ന് നടപ്പിലാകുമെന്ന് അറിയില്ല. മണ്ഡലപുനര്‍നിര്‍ണയത്തിനും സെന്‍സസിനും ശേഷമേ ഇത് നടപ്പിലാവുകയുള്ളു . കുറഞ്ഞത് 10 വര്‍ഷമെങ്കിലുമെടുക്കും ഇതിന്.

പ്രധാനമന്ത്രിപിന്നാക്ക വിഭാഗത്തിനു വേണ്ടി സംസാരിക്കുന്നു. എന്നാല്‍ എന്താണ് അവര്‍ക്കു വേണ്ടി ചെയ്തത്? വര്‍ത്തമാനം മാത്രമേയുള്ളു. പ്രവൃത്തിയില്ല.

കേന്ദ്രസർക്കാരിന്റെ കീഴിലുള്ള സെക്രട്ടറി പദവിയിലുള്ള ഉന്നത ഉദ്യോഗസ്ഥരിൽ മൂന്നുപേർ മാത്രമാണ് ഒബിസി വിഭാഗത്തിൽനിന്നുള്ളത്. തൊണ്ണൂറിൽനിന്നാണ് മൂന്നുപേരായി ചുരുങ്ങിയത്. ഒബിസിക്കുവേണ്ടി നിലകൊള്ളുന്നവരാണെങ്കിൽ പിന്നെയെന്തുകൊണ്ടാണ് പ്രാധിനിത്യം ഇത്രയധികം കുറഞ്ഞുപോയതെന്ന് മോദി വ്യക്തമാക്കണം.

ഒബിസി വിഭാഗമാണ് രാജ്യത്തിൻറെ നട്ടെല്ല്. അവർക്ക് മതിയായ പ്രാതിനിധ്യം നൽകണമെങ്കിൽ ആദ്യം അവരുടെ ജനസംഖ്യ അറിയേണ്ടതുണ്ട്. അതിനായാണ് ജാതി സെൻസസ് വേണമെന്ന് ആവശ്യപ്പെടുന്നത്. ജനസംഖ്യയുടെ വലിയൊരു ശതമാനം വരുന്ന മറ്റു പിന്നാക്ക വിഭാഗക്കാർക്ക് അധികാരമില്ലെന്ന് സത്യം ഒബിസി യുവജനത തിരിച്ചറിയണം. ഒബിസി എംഎൽഎമാരെയും എംപിമാരെയും മുന്നിൽനിർത്തുക മാത്രമാണ് ബിജെപി ചെയ്യുന്നത്. അവർക്ക് നിയമനിർമാണത്തിൽ റോൾ ലഭിക്കുന്നില്ലെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

ഭരണതലത്തില്‍ എല്ലാം ഒബിസി, എസ് സി, എസ്ടി വിഭാഗത്തിന്റെ പ്രാതിനിധ്യം വളരെ കുറവാണ്. അതിനര്‍ഥം പിന്നാക്ക സമുദായക്കാര്‍ ഇന്ത്യയില്‍ കുറവാണ് എന്നതാണോ? എത്രമാത്രം പിന്നാക്ക സമുദായക്കാര്‍ ഇന്ത്യയില്‍ ഉണ്ട് എന്ന് അറിയണം. അവര്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം സമസ്ത മേഖലകളിലും വേണം, അതിൻ്റെ കണക്കെടുക്കാന്‍ ബിജെപി തയാറല്ല. ജാതി സെന്‍സസ് എന്ന ആവശ്യമുന്നയിക്കുമ്പോള്‍ അവര്‍ വിഷയം മാറ്റുകയാണ്. എഐസിസി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

അതിനിടെ വനിതാ സംവരണ ബില്‍ കൊണ്ടുവന്ന പ്രധാനമന്ത്രിക്ക് ബിജെപി വനിത എംപിമാര്‍ സ്വീകരണം നല്‍കി.

More Stories from this section

family-dental
witywide