കൊച്ചി: കലൂരിലെ ഹോട്ടൽ മുറിയിൽ യുവതി കുത്തേറ്റു മരിച്ച സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. കൊലപാതകത്തിന് മുന്‍പ് രേഷ്മയെ വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ നൗഷിദിന്റെ മൊബെെല്‍ ഫോണില്‍ നിന്ന് കണ്ടെടുത്തു. കൊലപാതകത്തിന് തൊട്ടുമുന്‍പുള്ള നിമിഷങ്ങളിലെ നിർണ്ണായക ദൃശ്യങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. തന്നെ അപായപ്പെടുത്താന്‍ ദുർമന്ത്രവാദം നടത്തിയെന്നാരോപിച്ച് നൗഷിദ് രേഷ്മയെ ചോദ്യം ചെയ്യുന്നതുള്‍പ്പടെയുള്ള പുതിയ വിവരങ്ങളാണ് ഈ ദൃശ്യങ്ങളിലൂടെ പുറത്തുവന്നത്.
ബുധനാഴ്ച രാത്രി 10ന് കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലില്‍ വച്ചാണ് ചങ്ങനാശേരി സ്വദേശിയായ രേഷ്മയെ (27) കോഴിക്കോട് ബാലുശേരി സ്വദേശിയായ നൗഷിദ് കുത്തി കൊലപ്പെടുത്തിയത്. കഴുത്തിലും വയറ്റിലുമേറ്റ മുറിവാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചത്. ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. രേഷ്മയുടെ ബന്ധുക്കള്‍ കൊച്ചിയിലെത്തിയിട്ടുണ്ട്.
സംഭവ സ്ഥലത്ത് നിന്നും എറണാകുളം നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപാതകം നടന്ന ഹോട്ടലിലെ കെയർടേക്കറായിരുന്നു പ്രതി. ലാബ് അറ്റൻഡര്‍ ആയി ജോലി ചെയ്യുകയായിരുന്ന രേഷ്മ മൂന്ന് വര്‍ഷമായി കൊച്ചിയിലാണ് താമസിച്ചിരുന്നത്. അതേസമയം, രേഷ്മയെ കുത്താൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തി. പ്രതിയുമായി നടത്തിയ തെളിവെടുപ്പിലാണ്, സമീപത്തെ വീട്ടുപരിസരത്തുനിന്ന് ആയുധം കണ്ടെത്തിയത്.
സാമൂഹ മാധ്യമത്തിലൂടെ പരിചയപെട്ട രേഷ്മയുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി അടുപ്പമുണ്ടായിരുന്നതായി നൗഷിദ് പൊലീസിനോട് പറഞ്ഞു. ഈ സൗഹൃദം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രേഷ്മ വിസമ്മതിച്ചു, ഇതുമായി ബന്ധപ്പെട്ട വാക്കു തര്‍ക്കത്തിനിടെയാണ് കൊലപാതകമെന്നും നൗഷിദ് കുറ്റസമ്മതം നടത്തി. തന്റെ ശാരീരികാവസ്ഥയെക്കുറിച്ച് രേഷ്മ സുഹൃത്തുക്കളോട് മോശമായി സംസാരിച്ചത് പ്രകോപനമുണ്ടാക്കിയെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ പ്രതി പറയുന്നു.