
പട്ന: വനിതാ സംവരണ ബില്ലിന്റെ പേരിൽ ലിപ്സ്റ്റിക്കും ബോബ് കട്ട് ഹെയർസ്റ്റൈലുമായി സ്ത്രീകൾ മുന്നോട്ട് വരുമെന്ന ആർജെഡി നേതാവ് അബ്ദുൾ ബാരി സിദ്ദിഖിയുടെ പരാമർശം വിവാദത്തിൽ. ഈ മാസം ആദ്യമാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബിൽ രാജ്യസഭ പാസാക്കിയത്. ബിഹാറിലെ മുസാഫർപൂരിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് സിദ്ദിഖിയുടെ പ്രസ്താവന.
ലിപ്സ്റ്റിക്കുകളും ബോബ് കട്ട് ഹെയർസ്റ്റൈലുകളുമുള്ള സ്ത്രീകൾ വനിതാ സംവരണത്തിന്റെ പേരിൽ മുന്നോട്ടുവരുമെന്നും പിന്നാക്ക സമുദായങ്ങളിലെ സ്ത്രീകൾക്ക് സർക്കാർ സംവരണം നൽകണമെന്നും അബ്ദുൾ ബാരി സിദ്ദിഖി പറഞ്ഞു.
കൂടാതെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ ടെലിവിഷനിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിൽക്കണമെന്നും ആർജെഡി നേതാവ് അനുയായികളോട് നിർദ്ദേശിച്ചു. തലച്ചോർ ഉപയോഗിക്കാതെ ടിവി കാണുന്നതും സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നതും അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവകാശങ്ങൾക്കായി പോരാടണമെന്ന് സിദ്ദിഖി അനുയായികളോട് അഭ്യർത്ഥിച്ചു.
“പൂർവ്വികരോടുള്ള അനാദരവ് ഓർത്തുകൊണ്ട് നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നതിന് വേണ്ടി പോരാടണം,” അദ്ദേഹം പറഞ്ഞു.