ഇന്ത്യയില്‍ എല്ലാവരും ഹിന്ദിയില്‍ സംസാരിക്കണമെന്ന് അമിത്ഷാ, ആഗ്രഹം മനസ്സില്‍ വെച്ചാല്‍ മതിയെന്ന് സ്റ്റാലിന്‍

ഹിന്ദി ഭാഷ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളെ ആരും എതിര്‍ക്കരുതെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വ്യക്തമാക്കിയിരുന്നു. എല്ലാവരും ഹിന്ദിയില്‍ സംസാരിക്കണം. ഹിന്ദിയാണ് ദേശീയ ഭാഷ. അത് അംഗീകരിക്കാനും ഹിന്ദി നിര്‍ബന്ധമാക്കാനും എല്ലാവരും തയ്യാറാകണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു. അതിനെ എതിര്‍ത്തുകൊണ്ടാണ് ഇപ്പോള്‍ തമിഴ്നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ രംഗത്തെത്തുന്നത്.

അമിത്ഷാക്ക് ശക്തമായ മറുപടി നല്‍കുന്നത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ്. ഹിന്ദി അടിച്ചേല്പിക്കാനുള്ള ബിജെപി തന്ത്രം തമിഴ്നാട്ടില്‍ വിലപ്പോകില്ലെന്ന് എം.കെ.സ്റ്റാലിന്‍ പറഞ്ഞു. ഹിന്ദിക്ക് അടിമപ്പെടില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ഹിന്ദി നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ വലിയ പ്രക്ഷോഭം നടന്ന മണ്ണാണ് തമിഴ്നാട്ടിലേത്. രാഷ്ട്രീയമായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പൂര്‍ണമായും കടന്നുകയറാന്‍ എത്ര വിയര്‍പ്പൊഴുക്കിയിട്ടും ബിജെപിക്ക് കഴിയാത്ത സാഹചര്യമാണ്. ഹിന്ദി നിര്‍ബന്ധമാക്കല്‍ സംഘപരിവാര്‍ രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗമെന്ന വിമര്‍ശനാണ് ഹിന്ദി ഇതര ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളുടെ നിലപാട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതിനകം സ്കൂളുകളില്‍ ഹിന്ദിയും സംസ്കൃതവും ഒരുപോലെ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. വിദേശ ഭാഷകള്‍ പഠിപ്പിക്കുന്നത് നിര്‍ത്തി ഹിന്ദിയും സംസ്കൃതവും പ്രോത്സാഹിപ്പിക്കാനാണ് നിര്‍ദ്ദേശം. ഇത് പാലിക്കാത്ത സ്കൂളുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് സര്‍ക്കാരിന്‍റെ മുന്നറിയിപ്പ്. ഇതോടെ സ്വകാര്യ സ്കൂളുകളടക്കം വിദേശ ഭാഷകള്‍ പഠിപ്പിക്കുന്നത് നിര്‍ത്തി ഹിന്ദിയും സംസ്കൃതയവും നിര്‍ബന്ധമാക്കിയിരിക്കുകയാണ്. 

ഏതായാലും ഹിന്ദിയെ ചൊല്ലിയാകും അടുത്ത സംഘര്‍ഷങ്ങള്‍ എന്ന സൂചനയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ വ്യക്തമാക്കുന്നത്.

More Stories from this section

family-dental
witywide