ലോകം രക്ഷാകരങ്ങൾ നീട്ടി… അവർ ഇതാ ജീവിതത്തിൻ്റെ പ്രകാശത്തിലേക്ക്…, ടണൽ രക്ഷാദൌത്യം 17ാം ദിവസം വിജയം

സിൽകാര ദൌത്യം വിജയം. അവർ വീണ്ടും ജീവിതത്തിലേക്ക് തിരികെ വന്നു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ചാർഥാം തീർഥാടന പാതയിലെ സിൽക്യാര തുരങ്കത്തിൽ 17 ദിവസമായി കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികൾക്ക് രക്ഷയെത്തി. ഒരു പോറൽപോലും ഏൽക്കാതെ അവരെ ഈ രാജ്യം രക്ഷപ്പെടുത്തി.

ഉച്ചയ്ക്ക് ഒന്നോടെ ആദ്യ വ്യക്തി പുറത്തിറക്കി. ഇന്ത്യ കണ്ട ഏറ്റവും വലുതും ഏറ്റവും ദുഷ്കരവുമായ രക്ഷാദൌത്യമാണ് വിജയത്തിലേക്ക് എത്തിയത്. സ്വന്തം ജീവൻ പോലും പണയം വച്ചാണ് രക്ഷാപ്രവർത്തകർ ഈ ദൌത്യത്തിന് ഇറങ്ങിയിരിക്കുന്നത്.

പുറത്തിറങ്ങിയ ഉടനെ പുറത്തു കാത്തിരുന്ന ആംബുലൻസിൽ ചിന്യാലിസറിൽ സജ്ജമാക്കിയിരിക്കുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ആരോഗ്യ വിദഗ്ധരുടെ സംഘം കാത്തിരിക്കുന്നുണ്ട്. ആവശ്യമെങ്കിൽ പുറത്തെത്തിട്ടവരെ എയർലിഫ്റ്റ് ചെയ്ത് ഋഷികേശ് എയിംസിലേക്കോ ഡൽഹി എയിംസിലേക്കോ മാറ്റും.

ടണലിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ യന്ത്രഭാഗങ്ങളിലും പാറകളിലും തട്ടിയതിനാൽ ഡ്രില്ലിങ് നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. അതു ശരിയാക്കി രാത്രി മുതൽ ഡ്രില്ലിങ് പുരോഗമിക്കുകയായിരുന്നു. 80 സെൻ്റിമീറ്റർ വ്യാസവും ആറു മീറ്റർ നീളവുമുള്ള കുഴലുകൾ ഒന്നിനു പുറകെ ഒന്നായി വെൽഡ് ചെയ്ത് പിടിപ്പിച്ച് 60 മീറ്റർ അവശിഷ്ടങ്ങൾക്ക് ഇടയിലൂടെ കുടുങ്ങിക്കിടക്കുന്നവരുടെ അടുത്ത് എത്തിച്ചു. ഈ കുഴലിലൂടെ നുഴഞ്ഞെത്തിയ രക്ഷാ സംഘം തൊഴിലാളികളെ ഓരോരുത്തരെയായി ഈ കുഴലിലൂടെ പുറത്ത് എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഫൈബർ സ്ട്രെച്ചറിൽ കിടത്തിയാണ് ഇവരെ പുറത്ത് എത്തിക്കുന്നത്.

കഴിഞ്ഞ 12ാം തീയതി ഞായറാഴ്ച പുലര്‍ച്ചെയാണ്, അവര്‍ 41 പേർ, എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികള്‍, മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകര്‍ന്ന തുരങ്കത്തിനുള്ളില്‍ കുടുങ്ങിയത്. മണിക്കൂറുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ഓക്‌സിജന്‍ സിലിണ്ടറുകളുടെ സഹായത്തോടയാണ് ഇവര്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി തുരങ്കത്തിനുള്ളിലേക്ക് പ്രവേശിച്ചത്. എന്നാല്‍, അപ്രതീക്ഷിതമായി എത്തിയ മണ്ണിടിച്ചില്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. പാറയും കോണ്‍ക്രീറ്റ് പാളികളും തകര്‍ന്നുവീണ് തുരങ്കത്തില്‍ നിന്ന് പുറത്തെത്താനുള്ള വഴിയടഞ്ഞു.

ദേശീയ ദുരന്ത നിവാരണ സേനയുടേ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇന്ത്യൻ കരസേനയും വ്യോമസേനയും ഇന്ത്യൻ റയിൽവേയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. സാധ്യമായ എല്ലാ മാർഗങ്ങളും ഇന്ത്യ ഈ രക്ഷാദൌത്യത്തിനായി വിനിയോഗിച്ചു. തുരങ്കങ്ങളിലെ രക്ഷാപ്രവർത്തനത്തിൽ പരിചയമുള്ള രാജ്യാന്തര ടണലിങ് ആൻഡ് അണ്ടർഗ്രൌണ്ട് സ്പേസ് അസോസിയേഷൻ പ്രസിഡൻ്റ് അർനോൾഡ് ഡിസ്കിൻ്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവർത്തനത്തിന് എത്തി.

പാറ തുരന്ന് തൊഴിലാളികള്‍ക്ക് അരികിലേക്ക് എത്താനുള്ള ആദ്യശ്രമം വിജയം കണ്ടില്ല. പിന്നീട് വലിയ പൈപ്പുകൾ ഇട്ട് അതിലൂടെ വെള്ളവും ഭക്ഷണവും മരുന്നുകളും എത്തിച്ചു നൽകി. കുടുങ്ങിക്കിടന്നവരുടെ ആരോഗ്യം മെച്ചപ്പെടുത്താനായിരുന്നു ആദ്യ ശ്രമം.

ഉറപ്പില്ലാത്ത പാറ തുരക്കുന്നത് വെല്ലുവിളിയായിരുന്നു. ഒരുവശത്ത് തുരന്നാല്‍, മറുവശം ഇടിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ഇത് മുന്‍നിര്‍ത്തി വളരെ സൂക്ഷ്മമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

workers trapped in Uttarkashi tunnel rescued

More Stories from this section

family-dental
witywide