അസര്‍ബൈജാന്‍ : ബൈക്കുവില്‍ നടക്കുന്ന ചെസ് ലോകകപ്പ് ഫൈനലിലെ ആദ്യമല്‍സരത്തില്‍ ഇന്ത്യന്‍ താരം ആര്‍. പ്രഗ്നാനന്ദയും നോര്‍വേ താരം മാഗ്നസ് കാള്‍സനും തമ്മിലുളള പോരാട്ടം സമനിലയില്‍ പിരിഞ്ഞു. വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ 35 നീക്കങ്ങള്‍ക്ക് ഒടുവിലാണ് മുന്‍ ലോകചാംപ്യന് എതിരെ സമനില നേടിയത്. ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോകം ഉറ്റുനോക്കുന്ന താരമാണ് പ്രഗ്നാനന്ദ. വെറും 17 വയസ്സ് മാത്രം പ്രായമുള്ള ഈ ചെന്നൈക്കാരനിലാണ് ഇന്ത്യയുടെ മുഴുവന്‍ പ്രതീക്ഷ. വീണ്ടും സമനിലയിലായാല്‍ കളി ടൈബ്രേക്കറിലേക്ക് മാറും.
പ്രഗ്നാനന്ദയുടെ പ്രകടനത്തില്‍ വലിയ സന്തോഷമുണ്ടെന്നും അവന്റെ അമ്മ നല്‍കുന്ന പ്രത്യേക സപ്പോര്‍ട്ടാണ് വിജയത്തിനു പിന്നിലെന്നും മുന്‍ ലോക ചാംപ്യന്‍ ഗാരി കാസ്പറോവ് എക്സില്‍ കുറിച്ചു.
പ്രഗ്നാനന്ദയുടെ മല്‍സരവേദികളില്‍ മകന് കൂട്ടിരിക്കുന്ന അമ്മ നാഗലക്ഷ്മിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രഗ്നാനന്ദയുടെ അച്ഛന്‍ രമേശ് ബാബുവിന് ചെറുപ്പത്തിലേ പോളിയോ ബാധിച്ചതിനാല്‍ യാത്രകള്‍ ബുദ്ധിമുട്ടാണ്. വിദേശയാത്രകളില്‍ അമ്മയാണ് പ്രഗ്നയ്ക്ക് ഒപ്പം പോകുന്നത്. ചേച്ചി വൈശാലിയും ചെസ് താരമാണ്. ചേച്ചിക്കൊപ്പം വെറുതെ രസത്തിനാണ് കുഞ്ഞു പ്രഗ്ന ചെസ് കളി തുടങ്ങിയത്. ചെസിലുള്ള അവന്റെ താല്‍പര്യം കണ്ടതോടെ ടൂര്‍ണമെന്റുകളില്‍ പങ്കെടുപ്പിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.