ഗാന്ധി സ്മൃതിയില്‍ പൂക്കള്‍ അര്‍പ്പിച്ച് ലോക നേതാക്കള്‍, രഘുപതി രാഘവ് രാജാറാം, പതീത പാവന്‍ സീതാറാം മുഴങ്ങി രാജ്ഘട്ട്…

ന്യൂഡല്‍ഹി: രഘുപതി രാഘവ രാജാറാം മുഴങ്ങിയ രാജ്ഘട്ടിലെ അന്തരീക്ഷം. മഴ മേഘങ്ങള്‍ മൂടിയ തണുത്ത പ്രഭാതത്തില്‍ ലോക നേതാക്കള്‍ ഗാന്ധിജിയുടെ ഓര്‍മ്മ സ്ഥലിയിലേക്ക് നടന്നെത്തി. ഗാന്ധിജിയുടെ സ്മാരകം പൂക്കള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. അതിന് ചുറ്റും പുഷ്പചക്രങ്ങളും.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും ഉള്‍പ്പടെ ജി 20 നായി എത്തിയ എല്ലാ നേതാക്കളും ഒമ്പതുമണിയോടെ രാജ്ഘട്ടിലേക്ക് വന്നുതുടങ്ങി. രാജ്ഘട്ടിന്റെ കവാടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കളെ സ്വീകരിച്ചു. ഒമ്പതേ മുക്കാലോടെ എല്ലാ നേതാക്കളും ഗാന്ധി സ്മാരകത്തിന് ചുറ്റും നിരന്നു. പിന്നീട് ഒരു മിനിറ്റ് നിശബ്ദ പ്രാര്‍ത്ഥനയായിരുന്നു.

രഘുപതി രാഘവ് രാജാറാം ഗാനത്തിന്റെ പശ്ചാതലത്തില്‍ നേതാക്കള്‍ ഗാന്ധിജിയെ സ്മരിച്ചു. ഏറെ നിര്‍ണായകമായ ജി 20 ഉച്ചകോടിയുടെ അവസാന ദിനത്തിലായിരുന്നു രാജ്ഘട്ടിലെ പ്രാര്‍ത്ഥന.

സ്വാതന്ത്ര്യ സമര പോരാട്ടത്തിനിടയില്‍ ഗാന്ധിജി പാടിയ ഗാനമായിരുന്നു രഘുപതി രാഘവ് രാജാറാം. സബര്‍മതിയിലെ ദണ്ഡി മുതല്‍ കടല്‍തീരം വരെ 24 ദിവസം നീണ്ട യാത്രയില്‍ ജനങ്ങള്‍ ആവേശം പകരാന്‍ ഗാന്ധി തെരഞ്ഞെടുത്ത ഗാനം.

ലക്ഷ്മണാചാര്യ എഴുതി പണ്ഡിറ്റ് വിഷ്ണു ദിഗാംബര്‍ പലൂഷ്കാര്‍ ഈണമിട്ട രാമഭക്തി ഗാനമാണ് രഘുപതി രാഘവ് രാജാറാം. ഗാന്ധിയില്‍ നിന്ന് ജനങ്ങളാകെ ഏറ്റുപാടിയ ആ ഗാനം പിന്നീട് സ്വാതന്ത്ര്യ സമരപോരാട്ടത്തിന്റെ സംഗീതമായി മാറി.

ബ്രിട്ടീഷുകാര്‍ക്കെതിരെ ആളെ കൂട്ടാന്‍ ഗാന്ധി ഉപയോഗിച്ച ഗാനം എന്നായിരുന്നു വിദേശ മാധ്യമങ്ങള്‍ അന്ന് വിധിച്ചത്. പക്ഷെ പില്‍ക്കാലത്ത് വലിയ പ്രചാരം ഗാന്ധിജിയുടെ രഘുപതി രാജാറാമിന് കിട്ടി, അമേരിക്കയില്‍വരെ എത്തി. ലോക പ്രസിദ്ധ അമേരിക്കന്‍ നാടോടി ഗായകന്‍ പീറ്റ് സീഗര്‍ 1964ല്‍ ഇറക്കിയ ആല്‍ബത്തില്‍ രഘുപതി രാഘവ് രാജാറാം ഉപയോഗിച്ചത് ശ്രദ്ധേയമായി.

World leaders pray at Gandhi Smriti at Rajghat

More Stories from this section

family-dental
witywide