
ഇസ്രയേല്‍ – ഗാസ വെടിനിർത്തൽ കരാർ അവസാനിക്കാൻ ഇനി 3 മണിക്കൂർ മാത്രം. വെടിനിർത്തൽ തുടരുമെന്ന് ലോകം മുഴുവൻ പ്രതീക്ഷിച്ചിരിക്കെ, ആ വാർത്ത ഇതുവരെ വന്നില്ല. ഖത്തറില്‍ നടക്കുന്ന മധ്യസ്ഥ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് ദീർഘമായ വെടിനിർത്തൽ പ്രതീക്ഷിക്കുന്നത്. അതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ളിൻകൻ ഇസ്രയേലിൽ എത്തി. വെടിനിർത്തലിന് അമേരിക്ക സമ്മർദം ചെലുത്തുമെന്നാണ് കരുതുന്നത്. അതിനിടെ ഇന്നലെ ഇസ്രയേൽ സൈന്യത്തിൻ്റെ വെടിയേറ്റ് ജെനിനിൽ എട്ടും പതിനഞ്ചും വയസ്സുള്ള 2 കുട്ടികൾ കൊല്ലപ്പെട്ടു എന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഇന്നലെ 14 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. പകരം 30 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. ഹമാസ് ബന്ദികളാക്കിയ ഒരു കുടുംബത്തിലെ 9 മാസം പ്രായമായ കുഞ്ഞും അമ്മയും നാലു വയസ്സുള്ള മൂത്ത കുട്ടിയും ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ഹമാസ് അറിയച്ചത് ഇസ്രയേലിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇതു വെടിനിർത്തൽ കരാർ ചർച്ചയെ ബാധിച്ചിരുന്നു.
വെടിനിര്‍ത്തല്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് പുതിയ കരാര്‍ രൂപീകരിക്കുന്നത് ഉള്‍പ്പെടെ ഖത്തറില്‍ നടക്കുന്ന ചര്‍ച്ചയുടെ പരിഗണയ്ക്കുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്‍പത് ദിവസം നീണ്ട ആക്രമണത്തിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. നാല് ദിവസത്തേക്ക് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ തിങ്കളാഴ്ച വീണ്ടും നീട്ടുകയായിരുന്നു.
ഒക്ടോബര്‍ ഏഴിന് ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെയും ജയിലില്‍ കഴിയുന്ന പലസ്തീനികളെയും കൈമാറുന്നതിനായിരുന്നു താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു വെടിനിര്‍ത്തല്‍. ബന്ദികളെ കൈമാറ്റം ചെയ്തതിന് ഒപ്പം ഗാസയിലേക്ക് ദുരിതാശ്വാസ സാധനങ്ങളുടെ നീക്കവും കരാറിന്റെ ഭാഗമായിരുന്നു. കരാര്‍ നിലവില്‍ വന്നതിന് പിന്നാലെ പ്രതിദിനം ഏകദേശം 200 ലോറികളില്‍ ആണ് ദുരിതാശ്വാസ വസ്തുക്കള്‍ ഗാസയിലേക്ക് എത്തിയത്.
അതിനിടെ, ഇസ്രയേല്‍ പലസ്തീന്‍ വിഷയം പരിഹരിക്കാനുള്ള ഏക മാര്‍ഗം ദ്വിരാഷ്ട്ര സിദ്ധാന്തമാണെന്ന് ഐക്യരാഷ്ട്ര സഭ പ്രതികരിച്ചു. ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ദ്വിരാഷ്ട്ര പരിഹാരം എന്ന ആശയത്തിലേക്ക് തിരിയേണ്ടത് അത്യന്താപേക്ഷിതമാണെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. ജനീവയിലെ യുഎന്‍ ഓഫീസ് ഡയറക്ടര്‍ ജനറല്‍ തത്യാന വലോവയയാണ് ഗുട്ടെറസിന്റെ പ്രതികരണം പങ്കുവച്ചത്.













