പ്രശസ്ത സാഹിത്യകാരൻ ഡോ. സി ആർ ഓമനക്കുട്ടൻ അന്തരിച്ചു; സംവിധായകൻ അമൽ നീരദ് മകൻ

കൊച്ചി: പ്രശസ്ത സാഹിത്യകാരൻ ഡോ. സി ആർ ഓമനക്കുട്ടൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ഹൃദയാഘാത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹാസ്യസാഹിത്യത്തിനുള്ള 2010 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സാഹിത്യകാരനാണ് സി.ആർ. ഓമനക്കുട്ടൻ.

പെണ്ണമ്മ – രാഘവൻ ദമ്പതികളുടെ മകനായി കോട്ടയത്ത്‌ ജനിച്ചു. കോട്ടയം നായർസമാജം ഹൈസ്‌കൂൾ, സി.എം.എസ്‌. കോളജ്‌, കൊല്ലം എസ്‌.എൻ. കോളജ്‌, ചങ്ങനാശേരി എസ്‌.ബി. കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയിൽ പത്രപ്രവർത്തനം നടത്തി.

നാലു വർഷത്തിലേറെ കേരള സർക്കാരിന്റെ പബ്‌ളിക്‌ റിലേഷൻസ്‌ വകുപ്പിൽ പ്രവർത്തിച്ചു. പിന്നീട്‌ ഗവൺമെന്റ്‌ കോളജുകളിൽ മലയാളം ലക്‌ചറർ. ഏറെക്കാലം എറണാകുളം മഹാരാജാസ്‌ കോളജിൽ. ‘98 മാർച്ചിൽ വിരമിച്ചു. ഇരുപതു വർഷമായി ’ദേശാഭിമാനി‘യിൽ നടുക്കോളം എന്ന പംക്തി എഴുതി.

ഓമനക്കഥകൾ, ഈഴശിവനും വാരിക്കുന്തവും, അഭിനവശാകുന്തളം, ശവംതീനികൾ, കാല്‌പാട്‌, പരിഭാഷകൾ, ഫാദർ ഡെർജിയസ്‌, ഭ്രാന്തന്റെ ഡയറി, കാർമില, തണ്ണീർ തണ്ണീർ എന്നിവയാണ് പ്രധാന കൃതികൾ. 25ലധികം കൃതികൾ എഴുതിയിട്ടുണ്ട്. ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ എന്ന ഹാസ്യ സാഹിത്യകൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയത്.

ചലച്ചിത്ര സംവിധായകൻ അമൽ നീരദ് മകനാണ്.

More Stories from this section

family-dental
witywide