കാടാങ്കോട്ടെ ദമ്പതികളുടെ മരണം: യശോദയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, അടിച്ചത് മകന്‍

പാലക്കാട്: പാലക്കാട് കാടാങ്കോട് ദമ്പതികള്‍ മരിച്ച സംഭവത്തില്‍, അമ്മ യശോദയുടെ മരണം മകന്റെ അടിയേറ്റാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. യശോദയുടെ ഭര്‍ത്താവ് അപ്പുണ്ണി മരിച്ചത് ഹൃദയാഘാതം മൂലമാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കി. യശോദയുടെ മരണം മകന്‍ മര്‍ദ്ദനം മൂലമാണെന്ന് നേരത്തേ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇത് തെളിയിക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. യശോദയുടെ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്‍ക്വസ്റ്റ് നടത്തിയപ്പോള്‍ യശോദയുടെ മൃതശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. മകന്‍ അനൂപ് യശോദയെ ചവിട്ടി വീഴ്ത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ യശോദ മകനോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ അമ്മയെ മര്‍ദ്ദിച്ചത്. പിന്നീട് ഓടിയെത്തിയ നാട്ടുകാരാണ് യശോദയെ ആശുപത്രിയിലെത്തിച്ചത്.

ചികിത്സയിലിരിക്കെ യശോദ ആശുപത്രിയില്‍ മരിച്ചു. അതേസമയം വീട്ടിലായിരുന്ന ഭര്‍ത്താവ് അപ്പുണ്ണിയും മരിച്ചു. ഹൃദയാഘാതമാണ് അപ്പുണ്ണിയുടെ മരണകാരണമെന്ന് പോലീസ് പറഞ്ഞു. ഇവരുടെ മകന്‍ അനൂപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കടുത്ത ലഹരിക്ക് അടിമയാണ് അനൂപ് എന്ന് പൊലീസ് സൂചിപ്പിച്ചു. പല തവണ ലഹരിയുമായി ബന്ധപ്പെട്ട കേസില്‍ അനൂപിനെ പൊലീസ് പിടികൂടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

More Stories from this section

family-dental
witywide