
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ കേന്ദ്രത്തിനോട് 5,060 കോടി രൂപയുടെ ഇടക്കാലാശ്വാസം ആവശ്യപ്പെട്ട് തമിഴ്നാട്. നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കി പ്രധാനമന്ത്രിക്ക് നല്‍കിയ കത്തിലാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ 5,060 കോടി രൂപയുടെ ഇടക്കാലാശ്വാസം ആവശ്യപ്പെട്ടിരിക്കുന്നത്.
നാശനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘത്തെ നിയോഗിക്കണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കത്തില്‍ ആവശ്യപ്പെട്ടു. അതേസമയം മൊത്തം നാശനഷ്ടം വിലയിരുത്തുന്നതിനുള്ള സര്‍വേ നടക്കുന്നതിനാല്‍ വിശദമായ റിപ്പോര്‍ട്ട് പിന്നീട് തയ്യാറാക്കുകയും അധിക ഫണ്ട് ആവശ്യപ്പെടുകയും ചെയ്യുമെന്നും സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് അതിശക്തമായ മഴ അനുഭവപ്പെട്ട വടക്കന്‍ ജില്ലകളായ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടങ്ങളാണുണ്ടായത്. ചുഴലിക്കാറ്റും തുടര്‍ന്നുണ്ടായ അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടും ആളുകളെ വിവിധ തരത്തില്‍ ബാധിച്ചു. ചെന്നൈ കോര്‍പ്പറേഷന്റെ കീഴിലുള്ള പ്രദേശങ്ങളില്‍ വലിയ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവക്ക് വലിയ രീതിയിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.