
ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനില്‍ തടവില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളി. വധശിക്ഷയ്‌ക്കെതിരെ നിമിഷ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. നിമിഷപ്രിയയുടെ ഹര്‍ജി നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. സുപ്രീംകോടതിയും അപ്പീല്‍ തള്ളിയതോടെ ഇനി യെമന്‍ പ്രസിഡന്റിന് മാത്രമാണ് വധശിക്ഷയില്‍ ഇളവ് നല്‍കാന്‍ അധികാരമുള്ളത്.
കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. മകളുടെ മോചനത്തിനായി യെമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണു നിമിഷപ്രിയ ഇപ്പോഴുള്ളത്. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.
അതേസമയം യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷായിളവു ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍, ഏകദേശം 1.5 കോടി രൂപ നഷ്ടപരിഹാരത്തുക നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.