
ഗുഡ്ഗാവ്: ഹരിയാനയിലെ എല്ലാ കോളേജുകളിലും യോഗ ഇടവേള നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫിസുകളിലും യോഗ നിര്‍ബന്ധമാക്കി.
ജോലിസ്ഥലത്തെ സാഹചര്യവും ഉല്‍പ്പാദനക്ഷമതയും മെച്ചപ്പെടുത്തുന്നതിനും മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും യോഗ ഇടവേള കര്‍ശനമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഓഫിസുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നടപ്പിലാക്കുന്നത് ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുമെന്ന് സംസ്ഥാന ആയുഷ് മന്ത്രി അനില്‍ വിജ് പറഞ്ഞു.
സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും യോഗ ക്ലബ്ബുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും ജോലി സമ്മര്‍ദത്തില്‍ നിന്ന് മുക്തരാകണമെന്നും സമ്മര്‍ദ്ദരഹിതമായി തുടരുമ്പോള്‍ അവരുടെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നും ഉറപ്പാക്കുക എന്നതാണ് യോഗ ഇടവേളയ്ക്ക് പിന്നിലെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് പറയുന്നു. ‘യോഗ ബ്രേക്ക്’ (വൈ-ബ്രേക്ക്) എന്ന ആശയം ലോകമെമ്പാടുമുള്ള ജോലിക്കാര്‍ക്ക് പ്രസക്തമാണെന്നും ഈ ഇടപെടല്‍ രാജ്യത്തുടനീളം വൈ-ബ്രേക്ക് പ്രോട്ടോക്കോളിന്റെ വ്യാപകമായ പ്രചാരണത്തിന് കാരണമാകുമെന്നും കേന്ദ്ര ആയുഷ് മന്ത്രാലയം പറഞ്ഞു.
2021 സെപ്റ്റംബര്‍ 1-ന് വൈ-ബ്രേക്ക് എന്ന പേരില്‍ യോഗയുമായി ബന്ധപ്പെട്ട ഒരു മൊബൈല്‍ ആപ്പ് മന്ത്രാലയം വികസിപ്പിച്ചിട്ടുണ്ട്. ആളുകള്‍ക്ക് ഇടവേളകളില്‍ പരിശീലിക്കുന്നതിനുള്ള യോഗ ദിനചര്യകളാണ് ഇതിലുള്ളത്. കസേരയിലിരുന്നോ നില്‍ക്കുമ്പോഴോ ചെയ്യാവുന്ന ചില പോസുകളില്‍, ആളുകള്‍ക്ക് അവരുടെ ജോലിസ്ഥലത്തെ ഇടവേളയില്‍ 10 മുതല്‍ 20 മിനിറ്റ് വരെ സൗകര്യപ്രദമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന യോഗാസനങ്ങള്‍ എന്നിവയും ആപ്പില്‍ ഉണ്ട്.
പൊതുജങ്ങളുടെ ആരോഗ്യകരമായ ജീവിതം വര്‍ധിപ്പിക്കുന്നതിനും യോഗയുടെ പൗരാണിക പൈതൃകത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്നതിനുമുള്ള നീക്കം ആരംഭിക്കുന്നതിനായി ആയുഷ് മന്ത്രാലയം കഴിഞ്ഞ വര്‍ഷം എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കത്തയച്ചിരുന്നു.
yoga break is a must in Colleges and Govt offices at Haryana