മലപ്പുറം: പൊന്നാനി പെരുമ്പടപ്പില്‍, കൂട്ടുകാര്‍ തമ്മില്‍ സംസാരിച്ചുകൊണ്ടിരിക്കെ എയര്‍ഗണ്ണില്‍നിന്ന് വെടിപൊട്ടി യുവാവ് മരിച്ചു. ആമയം സ്വദേശി നമ്പ്രാണത്തേല്‍ വീട്ടില്‍ ഷാഫി(42) ആണ് മരിച്ചത്. സംഭവത്തില്‍ സുഹൃത്ത് സജീവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഞായറാഴ്ച വൈകിട്ട് പെരുമ്പടപ്പ് ചെറവല്ലൂര്‍ കടവില്‍ സജീവിന്റെ വിട്ടില്‍ സംസാരിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു എന്ന് കരുതുന്നു. ഇടത്തെ നെഞ്ചിനാണ് വെടിയേറ്റത്.
ഷാഫിയും കൂട്ടുകാരും സജീവിന്റെ വീട്ടിലിരുന്ന് സജീവിന്റെ എയര്‍ഗണ്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നത് പരീക്ഷിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ ഷാഫിക്ക് വെടിയേല്‍ക്കുകയായിരുന്നു എന്നു പൊലീസ് കരുതുന്നു.
ആശുപത്രിയില്‍ എത്തും മുമ്പേ ഷാഫി മരിച്ചു. മൃതദേഹം തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ . ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഇന്ന് ആമയം ജുമാ അത്ത് പള്ളിയില്‍ കബറടക്കും. ഭാര്യ – റെയ്ഹാനത്ത്. മക്കള്‍ – മുഹമ്മദ് ഷഹീന്‍, ഷഹ്മ. ഷഹസ.