കൊച്ചിയില്‍ ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊച്ചി: കൊച്ചിയില്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഷവര്‍മ്മ കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന കോട്ടയം സ്വദേശി രാഹുല്‍ നായരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്നാണ് പ്രാഥമിക നിഗമനം. രക്ത പരിശോധനാഫലം വന്നാലേ മരണ കാരണം വ്യക്തമാകുകയുള്ളൂ. യുവാവിന്റെ രക്തസാംപിള്‍ വിശദപരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും റിസള്‍ട്ട് ലഭിച്ചശേഷമേ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാനാകൂ എന്നും പൊലീസ് അറിയിച്ചു.

പാഴ്‌സലായി വാങ്ങിയ ഷവര്‍മയും മയോണൈസും അടക്കമുള്ള ഭക്ഷണങ്ങള്‍ കഴിച്ചശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് രാഹുലിന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. ഡോക്ടറെ കണ്ട് ചികിത്സ തേടി താമസസ്ഥലത്തേക്ക് മടങ്ങിയെങ്കിലും വീണ്ടും അവശ നിലയിലായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോട്ടയം സ്വദേശിയായ 23 കാരന്‍ രാഹുല്‍ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്. രാഹുല്‍ ആശുപത്രിയിലായതിനു പിന്നാലെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

കൊച്ചി കാക്കനാട് മാവേലിപുരത്തുള്ള ഹോട്ടല്‍ ഹയാത്തിനെതിരെ ആണ് വീട്ടുകാര്‍ പരാതി നല്‍കിയത്. തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹോട്ടല്‍ ഹയാത്തില്‍ നിന്ന് ഷവര്‍മ ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ നല്‍കി വരുത്തിച്ച് കഴിക്കുകയായിരുന്നു. ഷവര്‍മ കഴിച്ചതിന് പിന്നാലെയാണ് യുവാവിന് ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങിയതെന്നും പരാതിയില്‍ പറയുന്നു. പരാതിക്ക് പിന്നാലെ നഗരസഭ ഹെല്‍ത്ത് വിഭാഗം എത്തി ഹോട്ടല്‍ ഹയാത്തില്‍ പരിശോധന നടത്തുകയും ഹോട്ടല്‍ പൂട്ടിക്കുകയും ചെയ്തു. ഹോട്ടല്‍ പൂട്ടി സീല്‍ വച്ചതായി തൃക്കാക്കര നഗരസഭ അറിയിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide