
തിരുവനന്തപുരം: നൈറ്റ് ലൈഫിന് തുറന്ന് കൊടുത്തതിന് പിന്നാലെ തിരുവനന്തപുരം മാനവീയം വീഥിയില്‍ കൂട്ടത്തല്ല്. ഒരു യുവാവിനെ ഒരു കൂട്ടമാളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണു സംഭവം. ഒരാളെ നിലത്തിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്നതും അതിനു ശേഷം കുറേ യുവാക്കള്‍ ചുറ്റും കൂടി നിന്ന് ഡാന്‍സ് ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഇതു സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.
സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്വമേധയാ നടത്തിയ അന്വേഷണത്തില്‍ പൂന്തുറ സ്വദേശിയായ യുവാവിനാണ് മര്‍ദ്ദനമേറ്റതെന്നും ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും കണ്ടെത്തിയിരുന്നു. ഡാന്‍സ് കളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടത്തല്ലിലേക്കെത്തിയതെന്നാണ് വിവരം. സംഭവത്തിന് പിന്നില്‍ മുന്‍ വൈരാഗ്യമോ, ക്രിമിനല്‍ സംഘങ്ങളുടെ ഇടപെടലോ ഉണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.










