കണ്ണൂർ പഴയങ്ങാടിയിൽ നവ കേരള സദസ്സിനു നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി; പ്രതിഷേധക്കാരെ മർദിച്ച് ഡിവൈഎഫ്ഐ

നവ കേരള സദസിനെത്തിയ മന്ത്രിസഭാ വണ്ടിയെ തടഞ്ഞ് പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് – യൂത്ത് ലീഗ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ ഓടിച്ചിട്ട് മർദിച്ചതായും പരാതി ഉയര്‍ന്നു. പഴയങ്ങാടി എരിപുരത്താണ് സംഭവം.

വലിയതോതിലുള്ള പൊലീസ് സുരക്ഷാ ഉണ്ടായിരുന്നെങ്കിലും അവയെ മറികടന്നായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസിന്റെ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമാരായ മഹിത മോഹൻ, സുധീഷ് വെള്ളച്ചാൽ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

പ്രതിഷേധക്കാരെ പൊലീസ് നോക്കിനിൽക്കെ ഡിവൈഎഫ്ഐക്കാർ മർദിച്ചെന്നും അക്രമത്തിൽ പലർക്കും തലയ്ക്ക് പരുക്കേറ്റിട്ടുണ്ടെന്നും പരാതി ഉയർന്നു. പരുക്കേറ്റവരെ തളിപ്പറമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ ആരേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.

അതിനിടെ, ജനം നെഞ്ചേറ്റിയ പരിപാടിയുടെ ശോഭ കെടുത്താൻ വരുന്നവർക്ക് അവസരം ഉണ്ടാക്കരുതെന്ന് പിണറായി വിജയൻ പ്രതികരിച്ചു.. ഗൂഢ അജൻഡയുമായി വരുന്നവരാണ് പ്രതിഷേധം നടത്തുന്നത്. ആരും പ്രകോപിതർ ആകരുത്. പ്രകോപനം സൃഷ്ടിക്കലാണ് ലക്ഷ്യം. ആരും പ്രകോപനത്തിൽ വീഴരുതെന്നും ഇതുപോലെ പലതും അനുഭവിച്ചാണ് നാം മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.

ജനങ്ങൾ നിവേദനങ്ങളും പരാതിയുമായി കൂടുതൽ കൂടുതൽ എത്തുന്നതിനർത്ഥം, അവർക്ക് ഈ സർക്കാരിൽ വിശ്വാസവും പ്രതീക്ഷയും വാനോളം ഉണ്ട് എന്നതാണെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. ഇതിനെതിരെ വരുന്ന ആക്ഷേപങ്ങളും നിർമ്മിത കഥകളും നിലം തൊടാതെ അവസാനിക്കുകയാണെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പില്‍ ആരോപിച്ചു.

അതേസമയം, നവകേരള സദസിന്റെ പേരിൽ സി.പി.എം ക്രിമിനലുകൾ അഴിഞ്ഞാട്ടമാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. കല്യാശ്ശേരിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകരെ സി.പി.എം -ഡി.വൈ.എഫ്.ഐ ക്രിമനലുകൾ തല്ലിച്ചതച്ചു. വനിതാ പ്രവർത്തകരെ പോലും ഒരു സംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണ്.

ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട് . അതിന്റെ പേരിൽ നിയമം കയ്യിലെടുത്ത് അക്രമം അഴിച്ചുവിടാൻ സി.പി.എം ഗുണ്ടകൾക്ക് ആരാണ് അനുമതി നൽകിയത്. സി.പി.എം ബോധപൂർവം അക്രമം അഴിച്ചുവിടുമ്പോൾ ചലിക്കാതെ നിന്ന പോലീസ് ക്രിമിനൽ കുറ്റമാണ് ചെയ്തത്. യു.ഡി.എഫ് പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ് സംഘടിപ്പിക്കാനാണ് നീക്കമെങ്കിൽ മുഖ്യമന്ത്രി ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയും തിരുവനന്തപുരം വരെ കരിങ്കൊടി കാണിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Youth Congress black flag against Nava Kerala Assembly in Kannur Pashiangadi; DYFI beats up protesters

More Stories from this section

family-dental
witywide