
തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിന്നാലെ സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം നേമത്ത് വാടകയ്ക്ക് താമസിക്കുന്ന രമ്യാ രാജീവെന്ന യുവതിയെയാണ് മുട്ടത്തറ സ്വദേശി ദീപക്ക് വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അതിക്രമിച്ചു കയറിയ രമ്യയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. അതിനു ശേഷം സ്വന്തം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.
കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ രമ്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമ്യയുടെ നില അതീവഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം ദീപക്കിന്റെ ആരോഗ്യനില അത്ര ഗുരുതരമല്ല. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. നെടുമങ്ങാട് സ്വദേശിനിയായ രമ്യ നേമത്ത് വാടകക്ക് താമസിക്കുകയാണ്. ഇന്ന് രാവിലെ 8.30നാണ് സംഭവം നടന്നത്.
അതേസമയം രമ്യയും ദീപകും ഏറെ കാലമായി പ്രണയത്തിലാണെന് നാട്ടുകാര്‍ പറയുന്നു. രമ്യ വെള്ളായണിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയാണ്. രമ്യയും അമ്മയും അമ്മൂമ്മയും മാത്രമാണ് ഈ വീട്ടില്‍ കഴിയുന്നത്. അമ്മ നേമത്ത് പെട്രോള്‍ പമ്പിലെ ജീവനക്കാരിയാണ്. ഇന്ന് രാവിലെ ദീപക് രമ്യയോട് തന്നോടൊപ്പം ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും യുവതി വിസമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ആക്രമണം എന്നാണ് കരുതുന്നത്. റോഡില്‍ വച്ച് നടന്ന സംഭാഷണത്തിനൊടുവില്‍ ഭയന്ന് വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച രമ്യയെ ദീപക് പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ രണ്ട് തവണ കുത്തി. നാട്ടുകാര്‍ വിവരമറിയിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസ് വന്നെന്ന് അറിഞ്ഞ ശേഷമാണ് ദീപക് സ്വയം കഴുത്തറുത്തത്.










