സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് വിടവാങ്ങി

ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസവും മുന്‍ ക്യാപറ്റമുമായ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. ഭാര്യ നാദീന്‍ സ്ട്രീക്കാണ് മരണവിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചത്. 1990 കളിലും 2002നും ഇടയില്‍ സിംബാബ്‌വെ ക്രിക്കറ്റ് ടീമിന്റെ സുവണകാലഘട്ടത്തില്‍ തിളങ്ങിനിന്ന ഓള്‍ റൗണ്ടറായിരുന്നു അദ്ദേഹം. ക്യാന്‍സര്‍ ബാധിച്ച് ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. സ്ട്രീക്ക് ടീമിനായി 65 ടെസ്റ്റുകളും 189 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റുകളിലും സിംബാബ്‌വെയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ എക്കാലത്തെയും മികച്ച പേസറാണ് സ്ട്രീക്ക്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം മരിച്ചെന്ന വാര്‍ത്ത അന്തര്‍ദേശീയ മാധ്യമങ്ങള്‍ പുറത്തുവിടുകയും വന്‍ വിവാദമാകുകയും ചെയ്തിരുന്നു. പിന്നാലെ സ്ട്രീക്ക് നേരിട്ടെത്തി മരണവാര്‍ത്ത നിഷേധിക്കുകയായിരുന്നു. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും, ആരോഗ്യം മെച്ചപ്പെട്ടുവരികയാണെന്നുമായിരുന്നു അന്ന് അദ്ദേഹം അറിയിച്ചത്.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം സ്ട്രീക്ക് പരിശീലകനായി വിവിധ ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. സിംബാബ്‌വെയ്ക്കായി ടെസ്റ്റില്‍ 100 വിക്കറ്റ് വീഴത്തിയിട്ടുള്ള ഏക ബൗളറാണ് അദ്ദേഹം. 65 ടെസ്റ്റില്‍ 216 വിക്കറ്റും 189 ഏകദിനങ്ങളില്‍ നിന്ന് 239 വിക്കറ്റുമാണ് വീഴ്ത്തിയത്. 73 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്താണ് ടെസ്റ്റിലെ മികച്ച ബൗളിംഗ് പ്രകടനം. ഏകദിനത്തില്‍ 32 റണ്‍സിൽ അഞ്ച് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളിംഗ്. ടെസ്റ്റില്‍ 1990 റണ്‍സും ഏകദിനത്തില്‍ 2943 റണ്‍സും നേടിയ സ്ട്രീക്ക് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഹരാരെയില്‍ ടെസ്റ്റ് സെഞ്ചുറിയും നേടിയിട്ടുണ്ട്.

More Stories from this section

dental-431-x-127
witywide